കൊച്ചി: പി.വി. അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിൽ കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ പാർക്കിന് ലൈസൻസില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. ലൈസൻസ് ഇല്ലാതെ പിന്നെങ്ങനെ പ്രവർത്തിക്കുമെന്ന് കോടതി ചോദിച്ചു.ഇക്കാര്യത്തിൽ ബുധനാഴ്ച മറുപടി നൽകാൻ കോടതി സർക്കാറിനു നിർദേശം നൽകി. അപേക്ഷയിലെ പിഴവു കാരണം അൻവറിന്റെ പാർക്കിനു ലൈസൻസ് നൽകിയിട്ടില്ലെന്നാണ് സർക്കാർ കോടതിയിൽ പറഞ്ഞത്. ആവശ്യപ്പെട്ട അനുബന്ധ രേഖകളും ഹാജരാക്കിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. അതേസമയം, ലൈസൻസ് ഇല്ലാത്ത പാർക്ക് അടച്ചുപൂട്ടണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടു.
ഹരജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. പാർക്കിന്റെ വിശദ വിവരങ്ങൾ അറിയിക്കാൻ കഴിഞ്ഞ ദിവസം ഹൈകോടതി സർക്കാറിനു നിർദേശം നൽകിയിരുന്നു. കൂടരഞ്ഞി വില്ലേജിലെ അതീവ അപകട സാധ്യതയുള്ള മേഖലയിൽ ജിയോളജി ഡിപ്പാർട്മെന്റിന്റെ കൃത്യമായ അനുമതിയില്ലാതെ കുന്നിടിച്ചു നിരത്തിയാണ് വാട്ടർ തീം പാർക്ക് നിർമിച്ചതെന്നാണ് ഹരജിക്കാരന്‍റെ പരാതി.