അബുദാബി : കോവിഡ് വ്യാപനം കൂടിവരുന്ന പശ്ചാത്തലത്തിൽ പരിഷ്കരിച്ച ഐസലേഷൻ, ക്വാറന്റീൻ നിയമങ്ങൾ അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ പുറത്തിറക്കി. കോവിഡ് ബാധിതരും സമ്പർക്കത്തിൽ ഏർപ്പെട്ടവരും സ്വീകരിക്കേണ്ട മാർഗരേഖയുമായ സമൂഹ മാധ്യമങ്ങളിൽ ക്യാംപെയ്നും ആരംഭിച്ചു. പിസിആർ പരിശോധനാ ഫലം പോസിറ്റീവായവർ ഏറ്റവും അടുത്തുള്ള സേഹ ഡ്രൈവ്-ത്രൂ സ്ക്രീനിങ് കേന്ദ്രത്തിലെത്തി പുനഃപരിശോധന നടത്തണം. നെഗറ്റീവ് ആണെങ്കിൽ 24 മണിക്കൂറിനു ശേഷം വീണ്ടും പിസിആർ എടുത്ത് ഫലം നെഗറ്റീവ് ആണെങ്കിൽ സാധാരണ ജീവിതം തുടരാം. ആദ്യ പോസിറ്റീവ് സ്ഥിരീകരിച്ചശേഷം ഇടത്തരം മുതൽ ഗുരുതര രോഗലക്ഷണങ്ങൾ ഉള്ളവർ അടുത്തുള്ള പ്രൈം അസസ്‌മെന്റ് സെന്ററിലേക്ക് പോകണം.
തുടർച്ചയായ രണ്ടാം ടെസ്റ്റിലും ഫലം പോസിറ്റീവ് ആണെങ്കിൽ ക്വാറന്റീൻ സൗകര്യമുള്ളവർക്ക് വീട്ടിൽ കഴിയാം. അല്ലാത്തവരെ പൊതുക്വാറന്റീനിലേക്കു മാറ്റും. ഗുരുതര ലക്ഷണമുള്ളവരെ ആശുപത്രിയിലേക്കും മാറ്റും. ക്വാറന്റീനിൽ കഴിയുന്നവർ അവസാനത്തെ 2 ദിവസം (8, 9) ദിവസങ്ങളിലെ പരിശോധനയിൽ നെഗറ്റീവ് ആകണം. അല്ലെങ്കിൽ 10 ദിവസത്തെ ക്വാറന്റീൻ കാലയളവിൽ അവസാന 3 ദിവസം രോഗമില്ലാതെ പൂർത്തിയാക്കണം. കോവിഡ് ബാധിതരുമായി സമ്പർക്കം പുലർത്തിയവർ ലഭിച്ച എസ്എംഎസ് നിർദേശം അനുസരിച്ച് പ്രൈം അസസ്മെന്റ് കേന്ദ്രത്തിലെ ക്ലോസ് കോൺടാക്ട് വിഭാഗത്തിലെത്തി പരിശോധന നടത്തണം. നെഗറ്റീവ് ഫലം ലഭിച്ച വാക്സീൻ എടുത്തവർ 7 ദിവസം ക്വാറന്റീനിൽ കഴിയണം. ആറാം ദിവസം വീണ്ടും പിസിആർ ടെസ്റ്റ് നടത്തി ഏഴാം ദിവസം ക്വാറന്റീൻ അവസാനിപ്പിക്കാം. വാക്സീൻ എടുക്കാത്തവർക്ക് 10 ദിവസമാണ് ക്വാറന്റീൻ. 9ാം ദിവസം പിസിആർ ഫലം നെഗറ്റീവായാൽ ക്വാറന്റീൻ അവസാനിപ്പിക്കാം.
സമ്പർക്കം പുലർത്തിയവർ പ്രാഥമിക നിരീക്ഷണ കേന്ദ്രത്തിൽ നടത്തിയ ആദ്യ ടെസ്റ്റിൽ ഫലം പോസിറ്റീവായാൽ വീണ്ടും ഇവിടെയെത്തി ഐസലേഷൻ നടപടികൾ പൂർത്തിയാക്കാം. രോഗലക്ഷണമില്ലാത്തവർക്ക് ക്വാറന്റീൻ സൗകര്യമുണ്ടെങ്കിൽ മാത്രം വീട്ടിലേക്കു മടങ്ങാം. വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നവർ മറ്റുള്ളവരുമായി ഇടപഴകരുത്. പ്രത്യേക ശുചിമുറി ഉപയോഗിക്കണം. രോഗമില്ലാതെ ഒരേ വീട്ടിൽ കഴിയുന്ന മറ്റുള്ളവർ മാസ്കും ഗ്ലൗസും ധരിക്കണം. ഇടയ്ക്കിടെ കൈകൾ അണുവിമുക്തമാക്കണം.