കണ്ണൂർ : കണ്ണൂരിൽ നിന്ന് വീണ്ടും മയക്കുമരുന്ന് പിടികൂടി. കഴിഞ്ഞദിവസം രണ്ടുകിലോ എം.ഡി.എം.എ.യുമായി പിടിയിലായ ബൾക്കീസ് ജോലിചെയ്തിരുന്ന, പടന്നപ്പാലം പാസ്പോർട്ട് ഓഫീസിനടുത്ത കുഴിക്കുന്നിലെ ഇന്റീരിയർ ഡിസൈനിങ് സ്ഥാപനത്തിൽനിന്നാണ് 3.49 ഗ്രാം എൽ.എസ്.ഡി. (ലൈസർജിക് ആസിഡ് ഡൈഇതൈൽ അമൈഡ്) 39 ഗ്രാം ലഹരിഗുളിക, 18.5 ഗ്രാം ബ്രൗൺ ഷുഗർ എന്നിവ പിടികൂടിയത്. മയക്കുമരുന്ന് വിതരണത്തിന്റെ പ്രധാന കേന്ദ്രം ഇതാണെന്നാണ് പോലീസിന്റെ നിഗമനം. ബൾക്കീസിന്റെ ബന്ധുവും തയ്യിൽ സ്വദേശിയുമായ ജനീസ് (40) ആണ് സ്ഥാപനം നടത്തുന്നത്. ലഹരിവസ്തുക്കൾ ഇവിടെ സൂക്ഷിച്ചതിനാണ് കേസ്. ഇയാൾ ഒളിവിലാണ്.
ബൾക്കീസിന്റെ ഭർത്താവ് അഫ്സലിന്റെ കോയ്യോട്ടെ വീട്ടിൽ കേസന്വേഷിക്കുന്ന നാർക്കോട്ടിക്സ് വിഭാഗം ഡിവൈ.എസ്.പി. ജസ്റ്റിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയപ്പോൾ താക്കോൽക്കൂട്ടം ലഭിച്ചിരുന്നു. ഈ താക്കോൽ കുഴിക്കുന്നിലുള്ള മുറിയുടേതാണെന്ന് ബന്ധുക്കളിൽ നിന്ന് മനസ്സിലാക്കി. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ ഈ മുറി പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. ബൾക്കീസും അഫ്സലും ജയിലിലാണ്. കണ്ണൂരിലെ നഗരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന വ്യാപകമായതായി കണ്ടെത്തിയതിനെത്തുടർന്ന് കണ്ണൂർ ടൗൺ, കണ്ണൂർ സിറ്റി, വളപട്ടണം, എടക്കാട് പോലീസ് ഇൻസ്പെക്ടർമാരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചതായും ഒളിവിൽക്കഴിയുന്ന പ്രതികളെക്കുറിച്ച് അന്വേഷണം ശക്തിപ്പെടുത്തിയതായും സിറ്റി പോലീസ് കമ്മിഷണർ ആർ.ഇളങ്കോ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പിടിയിലായവരിൽനിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെക്കുറിച്ച് വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്നും പോലീസ് കമ്മിഷണർ പറഞ്ഞു.