തിരുവനന്തപുരം: പത്തനംതിട്ട ഇലന്തൂരിൽ ആഭിചാരക്രിയകളെ തുടർന്നുണ്ടായ കൊലപാതകങ്ങൾ കേരളീയ സമൂഹത്തെ ഞെട്ടിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. നവോത്ഥാനത്തിലൂടെ പുരോഗമിച്ച കേരളത്തിന്റെ മണ്ണിൽ എങ്ങനെ ഇത്തരം കൃത്യങ്ങൾക്ക് വളമൊരുങ്ങിയെന്ന് പരിശോധിക്കണം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉയർത്തെഴുന്നേൽക്കുകയും അതിന് രാഷ്ടീയവും സാമൂഹികരവുമായ പിന്തുണ നൽകാൻ വർഗീയ വാദികൾ തുനിഞ്ഞിറങ്ങുന്ന സാഹചര്യവുമാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞു.
പതിറ്റാണ്ടുകളുടെ ശ്രമ ഫലമായി നമ്മൾ നേടിയെടുത്ത സാമൂഹിക പുരോഗതിയുടേയും നവോത്ഥാന മൂല്യങ്ങളുടെയും പിൻനടത്തമാണ് സംഭവിക്കുന്നത്. ആത്മീയ വ്യാപാരികളുടെയും അന്ധവിശ്വാസ പ്രചാരകൻമാരുടെയും കൈകളിൽ നിന്ന് പാവപ്പെട്ട ജനങ്ങളെ മോചിപ്പിക്കേണ്ടതുണ്ട്. വിശ്വാസത്തിന്റെ മേലങ്കിയണിഞ്ഞ് അനാചാരങ്ങൾ അടിച്ചേൽപ്പിക്കുന്ന ശക്തികളെ തുറന്നു കാണിക്കാൻ ഇനിയും വൈകിക്കൂടാ. മാനുഷിക മൂല്യങ്ങൾക്ക് വില കൽപ്പിക്കാത്ത എല്ലാ പ്രവർത്തനങ്ങളും മനുഷ്യത്വ വിരുദ്ധവും പിന്തിരിപ്പനുമാണ്.
ശാസ്ത്ര ചിന്തയും നവോഥാന ആശയങ്ങളും കൂടുതൽ ജാഗ്രതയോടെ പ്രചരിപ്പിക്കണ്ടതിന്റെ രാഷ്ട്രീയ ഉത്തരവാദിത്വത്തിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നതെന്നും കെ.രാധാകൃഷ്ണൻ പ്രസ്താവനയിൽ അറിയിച്ചു.