തിരുവനന്തപുരം : കാരയ്ക്കാമണ്ഡപം റഫീഖ് വധക്കേസ് പ്രതിയുടെ ബന്ധു പ്രോസിക്യൂട്ടറെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. കാരയ്ക്കാമണ്ഡപം റഫീഖ് വധക്കേസിലെ നാലാം പ്രതി മാലിക്കിന്റെ ഭാര്യാ പിതാവാണ് പ്രോസിക്യൂട്ടര്‍ എം.സലാഹുദീനെ ഭീഷണിപ്പെടുത്തിയത്. പ്രോസിക്യൂട്ടര്‍ നല്‍കിയ പരാതിയില്‍ ഫോര്‍ട്ട് പോലീസ് ഭീഷണിപ്പെടുത്തിയ മെഹബൂബിനെ അറസ്റ്റ് ചെയ്തു. കാരയ്ക്കാമണ്ഡപം റഫീഖ് വധക്കേസിലെ ഏഴു പ്രതികള്‍ക്കും കഴിഞ്ഞ ദിവസം ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. നീതിയുക്തമായി ജോലി ചെയ്തതിന് ഭീഷണിപ്പെടുത്തിയ സംഭവം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുമെന്ന് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീന്‍ പറഞ്ഞു.
റഫീഖ് വധക്കേസില്‍ ഏഴു പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവും ഏഴുലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. ഒന്നാം പ്രതി അന്‍സക്കീറിന്റെ വസ്ത്രത്തിലുണ്ടായിരുന്ന രക്തം റഖീഖിന്റേതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതാണ് കേസില്‍ നിര്‍ണായകമായത്. കാരയ്ക്കാമണ്ഡപം സ്വദേശികളായ അന്‍സക്കീര്‍, നൗഫല്‍, ആരിഫ്, മാലിക്, ആഷര്‍, ആഷിഖ്, റഹ്മാന്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 47 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 54 രേഖകളും 26 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി.പ്രതികളെ ഹജരാക്കിയപ്പോള്‍ സുഹൃത്തുക്കള്‍ കോടതിക്കുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. റഫീഖിന്റെ ബന്ധുക്കളുമായി കയ്യേറ്റവുമുണ്ടായി. സംഘര്‍ഷം നിയന്ത്രിക്കുന്നതിനിടെ പോലീസുമായും സംഘം ഏറ്റുമുട്ടി. ഇതേ തുടര്‍ന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സംഘമെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
2016 ഒക്‌ബോബറില്‍ കാരയ്ക്കാമണ്ഡപം വെള്ളായണി ദേശീയപാതയില്‍ തുലവിളയില്‍ വച്ചാണ് 24 വയസുകാരനായ റഫീഖ് കൊല്ലപ്പെട്ടത്. കേസിലെ ഒന്നാംപ്രതി അന്‍സക്കീറിന്റെ അമ്മാവനെ നേരത്തെ റഫീഖ് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.