തിരുവനന്തപുരം: സംസ്കൃത കോളജിൽ റാഗിങിന്‍റെ പേരിൽ സി.പി.എം നേതാവിന്‍റെ മകനെ ആക്രമിച്ച് പരിക്കേൽപ്പിച്ച മൂന്ന് എസ്.എഫ്.ഐ നേതാക്കൾ അറസ്റ്റിൽ. എം.നസീം, സച്ചിൻ, ജിത്തു എന്നിവരാണ് പിടിയിലായത്. പെരുങ്കടവിള പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാരായമുട്ടം സ്വദേശി എസ്.ബിന്ദുവിന്റെ മകനും കോളജിലെ ഒന്നാം വർഷ വിദ്യാർഥിയുമായ ആദര്‍ശിനെയാണ് ആക്രമിച്ചത്.
മൂവരും കോളജിലെ പൂർവ വിദ്യാർഥികളാണ്. തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസാണ് ഇവരെ അറസ്റ്റുചെയ്തത്.കഴിഞ്ഞ മാസം 24ന് നടന്ന ഓണാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം. ചാക്കിൽ കയറിയുള്ള ഓട്ട മത്സരത്തിൽ ഒരു തവണ പങ്കെടുത്ത ആദർശിനെ വീണ്ടും പങ്കെടുക്കാൻ സംഘാടകർ നിർബന്ധിച്ചെന്നും മത്സരിക്കാന്‍ വിസമ്മതിച്ചപ്പോൾ പിടിച്ചുവലിച്ചു ക്ലാസ് മുറിയിൽ കൊണ്ടുപോയി വളഞ്ഞിട്ടു മർദിച്ചെന്നുമാണ് കേസ്.
മുഖത്തും മുതുകിലും തടികഷ്ണം കൊണ്ടും ഹെൽമെറ്റുകൊണ്ടു അടിച്ചുപരിക്കേൽപ്പിക്കുകയായിരുന്നു. രണ്ടു വർഷം മുമ്പ് യൂണിവേഴ്സിറ്റി കോളജിൽ നടന്ന കത്തിക്കുത്ത് കേസിലെ 12–ാം പ്രതിയാണ് പ്രതികളിലൊരാളായ എം.നസീം.