ന്യൂഡൽഹി : ക്രിസ്മസ് ദിനത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഇന്ധനവില വര്‍ധനയിലും വിലക്കയറ്റത്തിലും കേന്ദ്ര സര്‍ക്കാരിനെതിരെ ക്രിസ്മസ് കവിതകള്‍ എഴുതിയാണ് കോണ്‍ഗ്രസ് പ്രതിഷേധം. ”സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി, ഇന്ധനത്തിന് വലിയ വില നല്‍കേണ്ടതില്ലല്ലോ.” – കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ”ജിംഗിള്‍ ബെല്‍സ്… ജിംഗിള്‍ ബെല്‍സ്… ജിംഗിള്‍ ഓള് ദ വേ. സമ്പാദ്യം മുഴുവന്‍ കത്തിക്കാതെ സാധനങ്ങള്‍ വാങ്ങുന്നത് എന്തൊരു രസമായിരിക്കും.” മറ്റൊരു ട്വീറ്റില്‍ കോണ്‍ഗ്രസ് പരിഹസിച്ചു. രാജ്യത്തെ വിലക്കയറ്റത്തില്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്. അടുത്തിടെ ജയ്പൂരില്‍ കോണ്‍ഗ്രസ് മെഹന്‍ഗായ് ഹഠാവോ റാലി സംഘടിപ്പിച്ചിരുന്നു.
”ക്രിസ്മസിന് ഞങ്ങള്‍ ആഗ്രഹിക്കുന്നത് ജനത്തെ കേള്‍ക്കുന്ന ഒരു സര്‍ക്കാരാണ്. ” സര്‍ക്കാര്‍ പൊതുജന പ്രശ്നങ്ങള്‍ കേള്‍ക്കുന്നില്ലെന്ന് സൂചിപ്പിച്ചുകൊണ്ട് മറ്റൊരു ട്വീറ്റ്. 2022-ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസും ബി.ജെ.പിയും ആക്രമണാത്മക പ്രചാരണങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് പുതിയ പ്രതിഷേധം.