ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ വിദ്യാർഥികളോട് സംവദിക്കുന്നതിൽ നിന്നും അമിത് ഷാ വിലക്കിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മേഘാലയയിലെ സ്വകാര്യ സർവകലാശാലയിലെ വിദ്യാർഥികളുമായുള്ള സംവാദത്തിനാണ് ഷാ വിലക്കേർപ്പെടുത്തിയത്.അസം മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേനയാണ് അമിത് ഷാ നിർദേശം കൈമാറിയതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
“എനിക്ക് സർവകലാശാലയിലെത്തി നിങ്ങളുമായി സംവദിക്കണമെന്നുണ്ടായിരുന്നു. നിങ്ങളെ കേൾക്കണം എന്നുണ്ടായിരുന്നു. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അസം മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും ബന്ധപ്പെട്ട് എന്‍റെ പ്രവേശനത്തെ വിലക്കി, വിദ്യാർഥികളുമായി രാഹുൽ ഗാന്ധി സംസാരിക്കരുതെന്ന് നിർദേശം നൽകി. രാഹുൽ ഗാന്ധി വരുമോ ഇല്ലയോ എന്നതല്ല പ്രധാനം. നിങ്ങൾ ആരോടും സംസാരിക്കരുത്, ആരുടെയും വാക്കുകൾ കേൾക്കരുത് എന്നത് മാത്രമാണ് അവരുടെ ഉദ്ദേശ്യം. അവർക്ക് നിങ്ങളെ അടിമകളാക്കാനാണ് താത്പര്യം. എന്നാൽ ലോകത്തിലെ ഒരു ശക്തിക്കും അത് സാധിക്കില്ല”, അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ അസമിൽ മാത്രമല്ല രാജ്യത്തെ എല്ലാ സ്കൂളുകളിലും സർവകലാശാലകളിലും നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഘാലയയിലെ ശാസ്ത്ര സാങ്കേതിക സർവകലാശാല വിദ്യാർഥികളുമായും, പാർട്ടി പ്രവർത്തകരുമായും ആശയവിനിമയം നടത്താൻ അദ്ദേഹം നിശ്ചയിച്ചിരുന്നു. തിങ്കളാഴ്ച ഇത് സംബന്ധിച്ച് കോൺഗ്രസ് പ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും പിന്നീട് സർവകലാശാല പ്രവേശനം നിഷേധിക്കുകയായിരുന്നു. ഇതോടെ പരിപാടികൾ റി ഭോയ് ജില്ലയിലെ സ്വകാര്യ ഹോട്ടലിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.