ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ നരേന്ദ്രമോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. റഷ്യ-യുക്രെയ്ൻ യുദ്ധം നരേന്ദ്രമോദി അവസാനിപ്പിച്ചുവെന്നാണ് പറഞ്ഞു കേട്ടത്. എന്നാൽ ചില കാരണങ്ങളാൽ ഇന്ത്യയിലെ ചോദ്യപേപ്പർ ചോർച്ച തടയാൻ പ്രധാനമന്ത്രി തയാറാകുന്നില്ലെന്നും രാഹുൽ ആരോപിച്ചു. അതിനു കാരണം ബി.ജെ.പിയുടെ മാതൃസംഘടന ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം പിടിച്ചെടുത്തു എന്നതാണ്. ഇത് മാറാത്ത കാലത്തോളം ചോദ്യപേപ്പർ ചോർച്ച തുടർന്നുകൊണ്ടിരിക്കും. അതിന് എല്ലാ വിധ ഒത്താശയും ചെയ്യുന്നത് മോദിയാണ്. ഇത് ദേശവിരുദ്ധ പ്രവർത്തനമാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
ഭാരത് ജോഡോ യാത്രക്കിടെ ആയിരക്കണക്കിന് ആളുകൾ ചോദ്യപേപ്പർ ചോർച്ചയെ കുറിച്ച് പരാതിപ്പെട്ടിരുന്നു. നമ്മുടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവർ പിടിച്ചെടുത്തു. അതാണ് ചോദ്യപേപ്പർ ചോർച്ച സർവ വ്യാപകമാകാൻ കാരണം. യോഗ്യതയുടെ അടിസ്ഥാനത്തിലല്ല വൈസ് ചാൻസലർമാരെ നിയമിക്കുന്നത്. മറിച്ച് അവർ പ്രതിനിധാനം ചെയ്യുന്ന പ്രത്യേക സംഘടനയാണ് എല്ലാറ്റിന്റെയും യോഗ്യത. ഈ സംഘടനയും ബി.ജെ.പിയും ചേർന്ന് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ നശിപ്പിച്ചുവെന്നും രാഹുൽ വിമർശിച്ചു.
മധ്യപ്രദേശിലെ വ്യാപം അഴിമതി രാജ്യത്തുടനീളം വ്യാപിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ യുവാക്കളുടെ ഭാവിയാണ് ഇത്തരം നടപടികളിലൂടെ ഇല്ലാതാകുന്നത്. നേരത്തേ ബി.ജെ.പി ഭരിച്ചിരുന്ന സംസ്ഥാനങ്ങളിലായിരുന്നു ചോദ്യ പേപ്പർ ചോർച്ച നടന്നിരുന്നത്. ഇപ്പോഴത് രാജ്യം മുഴുവൻ പടർന്നിരിക്കുന്നു. ചോദ്യപേപ്പർ ചോർച്ച തടയാൻ സർക്കാർ ഒന്നും ചെയ്യാത്തത് കൊണ്ട് കഷ്ടപ്പെടുന്നത് വിദ്യാർഥികളാണ്. നോട്ടുനിരോധനം കൊണ്ടുവന്ന് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെ എങ്ങനെയാണോ നശിപ്പിച്ചത് അതുപോലെ വിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കാനാണ് മോദി ശ്രമിക്കുന്നത്. നീറ്റ്, നെറ്റ് വിഷയങ്ങൾ ജൂൺ 24ന് തുടങ്ങുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഉന്നയിക്കുമെന്നും രാഹുൽ വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് രാജ്യത്തുടനീളമുള്ള സെന്ററുകളിൽ നെറ്റ് പരീക്ഷ നടന്നത്. ചോദ്യപേപ്പർ ചോർച്ചയുണ്ടായെന്ന റിപ്പോർട്ടുകളെ തുടർന്ന് ബുധനാഴ്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷ റദ്ദാക്കുകയും ചെയ്തു. പരീക്ഷയുടെ സുതാര്യതയിൽ വിട്ടുവീഴ്ചക്കില്ലെന്നും ഇതു സംബന്ധിച്ച അന്വേഷണത്തിന് സി.ബി.ഐയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു.