ദില്ലി : പതിറ്റാണ്ടുകള്‍ക്കിടെ യൂറോപ്പ് കണ്ട ഏറ്റവും ഭീകരമായ പ്രതിസന്ധിയിലൂടെ യുക്രൈന്‍ കടന്നുപോകുന്ന പശ്ചാത്തലത്തില്‍ അവിടെ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിഡിയോ പങ്കുവെച്ച് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് യുക്രൈന്‍ സൈന്യം ക്രൂരമായി പെരുമാറുന്നതായുള്ള വിഡിയോയാണ് രാഹുല്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. യുക്രൈനില്‍ വിദ്യാര്‍ത്ഥികള്‍ ഇത്തരം പീഡനങ്ങള്‍ നേരിടുന്നത് കാണുമ്പോള്‍ തന്റെ ഹൃദയം നോവുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒഴിപ്പിക്കല്‍ പദ്ധതി വിദ്യാര്‍ത്ഥികളുമായി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പങ്കുവയ്ക്കണമെന്ന് വിഡിയോ പങ്കുവെച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുകയായിരുന്നു. ഈ വിഡിയോ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളും കാണുന്നുണ്ട്. ഒരു രക്ഷിതാവിനും ഈ അവസ്ഥയിലൂടെ കടന്നുപോകേണ്ടി വരരുതെന്ന് രാഹുല്‍ പറഞ്ഞു. നാം നമ്മുടെ ജനങ്ങളെ കൈവിടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.