മുംബൈ: ലോകത്തിലെ ഏറ്റവും വലിയ കവർച്ചാ റാക്കറ്റാണ് ഇലക്ടറൽ ബോണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ താനെയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇലക്ടറൽ ബോണ്ടിലൂടെ ലഭിച്ച പണമെല്ലാം രാഷ്ട്രീയ പാർട്ടികളെ പിളർത്താനും പ്രതിപക്ഷ സർക്കാറുകളെ പുറത്താക്കാനുമാണ് ഉപയോഗിച്ചതെന്നും രാഹുൽ കുറ്റപ്പെടുത്തി. സുപ്രീംകോടതി നിർദേശത്തെ തുടർന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) കൈമാറിയ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് രാഹുലിന്‍റെ വിമർശനം.‘ലോകത്തിലെ ഏറ്റവും വലിയ കവർച്ച റാക്കറ്റായിരുന്ന ഇലക്ടറൽ ബോണ്ടുകൾ…രാഷ്ട്രീയ പാർട്ടികളെ പിളർത്താനും പ്രതിപക്ഷ സർക്കാറുകളെ തഴെയിറക്കാനുമാണ് ഇതുവഴി ലഭിച്ച പണം ഉപയോഗിച്ചത്’ -രാഹുൽ പറഞ്ഞു. സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാറുകൾ നൽകിയ കരാറുകളും ഇലക്ടറൽ ബോണ്ടുകളും തമ്മിൽ ബന്ധമില്ല. തെരഞ്ഞെടുപ്പ് കമീഷൻ, ആദായനികുതി വകുപ്പ്, സി.ബി.ഐ തുടങ്ങിയ ഏജൻസികളെല്ലാം ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും ആയുധങ്ങളാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ പാർട്ടികളൊന്നും പ്രതിരോധ കരാറുകളോ മറ്റോ നൽകുന്നില്ല. പ്രതിപക്ഷ പാർട്ടികളൊന്നും പെഗാസസ് ഉപയോഗിച്ചിട്ടില്ല, സി.ബി.ഐയെയോ ഇഡിയെയോ നിയന്ത്രിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.