തിരുവനന്തപുരം > സെക്രട്ടറിയറ്റിന് മുന്നിലെ അക്രമസമരത്തിന് നേതൃത്വം നൽകിയ യൂത്ത്‌കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് മെഡിക്കൽ സർട്ടിഫിക്കറ്റുണ്ടാക്കാൻ ഇടപെട്ടത് ഉന്നത കോൺഗ്രസ് നേതാവ്. മുൻ കെപിസിസി പ്രസിഡന്റ് കൂടിയായ ഇദ്ദേഹത്തിന്റെ ഇടപെടലിനെ തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ ‘പക്ഷാഘാത സംശയവുമായി’ യൂത്ത്‌കോൺഗ്രസ് നേതാവ് ചികിത്സ തേടിയത്.
ഡിസംബർ 20നാണ് സെക്രട്ടറിയറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമടക്കമുള്ളവരുടെ നേതൃത്വത്തിൽ കലാപമുണ്ടാക്കിയത്.
പൊലീസുകാർക്ക് നേരെ വ്യാപക ആക്രമണം നടന്നു. പൊലീസുകാരനെ കായികമായി അക്രമിച്ച ഒരു പ്രതിയുടെ ജാമ്യം കഴിഞ്ഞ ദിവസവും കോടതി തള്ളിയിരുന്നു. മണിക്കൂറുകൾ യൂത്ത്‌കോൺഗ്രസുകാർ അഴിഞ്ഞാടിയിട്ടും പൊലീസ് ലാത്തിവീശുകപോലും ചെയ്‌തില്ല. ജലപീരങ്കി ഉപയോഗിച്ച് യൂത്തുകോൺഗ്രസുകാരെ പിരിച്ചുവിടാനാണ് ശ്രമിച്ചത്. സംഭവം നടന്ന് രണ്ടാഴ്‌ച പിന്നിട്ടപ്പോഴാണ് യൂത്ത്‌കോൺഗ്രസ് പ്രസിഡന്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.
ഇദ്ദേഹം കോടതിയിൽ ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രകാരം, നടത്തിയ പരിശോധന ഫലമെല്ലാം മാങ്കൂട്ടത്തിലിന്റെ ആരോഗ്യസ്ഥിതി തൃപ്‌തികരമാണെന്നും കുഴപ്പങ്ങളൊന്നും ഇല്ല എന്നും കാണിക്കുന്നതുമാണ്. അറസ്റ്റുണ്ടാകുമെന്നും പൊതുമുതൽ നശിപ്പിച്ചതിനും പൊലീസുകാരെ ആക്രമിച്ചതിനും അഴിക്കുള്ളിലാകുമെന്ന് ബോധ്യപ്പെട്ടതോടെയാണ് പക്ഷാഘാത നാടകത്തിന് തുടക്കമിട്ടത്. തിരുവനന്തപുരത്ത് പിടിപാടുള്ള മുൻമന്ത്രി കൂടിയായ കോൺഗ്രസ് നേതാവാണ് എല്ലാ സഹായവും ചെയ്‌തുനൽകിയത്.