മാണ്ഡ്യ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കിടെ സോണിയ ഗാന്ധിയുടെ ഷൂവിന്റെ ലേസ് കെട്ടിക്കൊടുക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ. ‘അമ്മ’ എന്ന അടിക്കുറിപ്പോടെ കോൺഗ്രസ് ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്. കർണാടകയിലെ മാണ്ഡ്യയിൽ വെച്ചാണ് സംഭവം. രാഹുൽ ലേസ് കെട്ടിക്കൊടുക്കുന്നത് സോണിയ നോക്കിനിൽക്കുന്നതാണ് ചിത്രത്തിൽ. നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ ഇത് പങ്കുവെച്ചത്.
ആരോഗ്യ കാരണങ്ങളാൽ നീണ്ട ഇടവേളക്ക് ശേഷമാണ് സോണിയ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. അനാരോഗ്യത്തെയും മറികടന്നാണ് ആയിരക്കണക്കിന് പ്രവർത്തകരുടെ കൂടെ നടന്നത്. ഇതിനിടെയാണ് ലേസ് അഴിഞ്ഞത്. 15 മിനിറ്റോളം നടന്ന ശേഷം അമ്മയെ രാഹുൽ നിർബന്ധിച്ച് കാറിൽ കയറ്റുകയായിരുന്നു. ആദ്യമായാണ് സോണിയ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നത്.
രണ്ട് ദിവസമായി മൈസൂരുവിൽ ക്യാമ്പ് ചെയ്യുന്ന സോണിയ സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബെല്ലാരിയിൽ നടക്കുന്ന പൊതുസമ്മേളനത്തെ അവർ അഭിസംബോധന ചെയ്യും. ഈ വർഷത്തിന്റെ തുടക്കത്തിൽ സോണിയക്ക് കോവിഡ് ബാധിച്ച ശേഷം പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. അതിന് ശേഷമുള്ള ആദ്യ പൊതുയാത്രയാണിത്. 2016ൽ വാരാണസിയിൽ നടന്ന റോഡ്ഷോയിലാണ് അവർ അവസാനമായി പങ്കെടുത്തത്.
കേരളത്തിലേതിന് സമാനമായി വൻ ജനപങ്കാളിത്തമാണ് കർണാടകയിലും ഭാരത് ജോഡോ യാത്രക്ക് ലഭിക്കുന്നത്. 21 ദിവസങ്ങളിലായി 511 കിലോമീറ്ററാണ് കർണാടകയിലൂടെ സഞ്ചരിക്കുക. സെപ്റ്റംബർ ഏഴിനാണ് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽനിന്ന് രാഹുൽ ഭാരത് ജോഡോ യാത്രക്ക് തുടക്കമിട്ടത്. ‘ഇന്ത്യയെ ഒന്നിപ്പിക്കുക’ എന്ന ലക്ഷ്യത്തോടെ 12 സംസ്ഥാനങ്ങളിലൂടെ 3,570 കിലോമീറ്റർ കാൽനടയായാണ് രാഹുലിന്റെ യാത്ര.