റിയാദ്: സൗദി അറേബ്യയില്‍ കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ വിദേശികളടക്കം പിടിയില്‍. സൗദി പൗരനും സിറിയ, യെമന്‍, ഈജിപ്ത് സ്വദേശികളുമാണ് റിയാദ് പൊലീസിന്റെ പിടിയിലായത്.
പ്രതികള്‍ അച്ചടിച്ച വിദേശ രാജ്യങ്ങളുടെ വ്യാജ കറന്‍സികളുടെ വന്‍ ശേഖരമാണ് ഇവിടെ നിന്ന് പൊലീസ് പിടിച്ചെടുത്തത്. റിയാദിലെ വെയര്‍ഹൗസ് കേന്ദ്രീകരിച്ചാണ് പ്രതികള്‍ കള്ളനോട്ടുകള്‍ അച്ചടിച്ചിരുന്നത്. കള്ളനോട്ട് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്ന യന്ത്രവും മറ്റ് സജ്ജീകരണങ്ങളും ഇവിടെ നിന്ന് കണ്ടെത്തി. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച ശേഷം പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് അറിയിച്ചു. പൊലീസ് റെയ്ഡ് നടത്തുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.