ഊണിെൻറ വിലയെ ചൊല്ലി കേന്ദ്ര, സംസ്ഥാന സർക്കാർ അനുകൂലികൾ സാമൂഹിക മാധ്യമങ്ങളിൽ കൊമ്പുകോർക്കുന്നു. ഫെബ്രുവരി 24 മുതലാണ് റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിലെ വിഭവങ്ങളുടെ വില കുത്തനെ കൂട്ടിയത്. റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോർപറേഷനാണ് വർധന പ്രഖ്യാപിച്ചത്. ഈ നടപടി സാധാരണക്കാരായ യാത്രക്കാരെ കൂടുതൽ ദുരിതത്തിലേക്ക് നയിക്കുകയാണെന്ന വിമർശനം നേരത്തെ തന്നെ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സാമൂഹിക മാധ്യമങ്ങളിലും വിമർശനം ഉയർന്നത്. കേരളത്തിൽ കുടുംബശ്രീ നേതൃത്വത്തിൽ നടത്തുന്ന ജനകീയ ഹോട്ടലുകളിൽ 20രൂപ മാത്രമാണ് ഉൗണിന് വില. ഈ സാഹചര്യം നിലനിൽക്കുമ്പോൾ റെയിൽവേ അഞ്ച് ശതമാനം ജി.എസ്.ടി ഉള്‍പ്പെടെയാണ് പുതുക്കിയ വില നിശ്ചയിച്ചിരിക്കുന്നത്. 59 രൂപയുണ്ടായിരുന്ന ഊണിന് 95 രൂപയാണിപ്പോൾ നൽകേണ്ടത്.
പഴംപൊരിക്ക് 20 രൂപയാണ് പുതുക്കിയ വില. നേരേത്ത 13 രൂപയുണ്ടായിരുന്ന പഴംപൊരിക്ക് 55 ശതമാനമാണ് വിലവർധന. മുട്ടക്കറിയുടെ വില 32ല്‍നിന്ന് 50 രൂപയും കടലക്കറിയുടെ വില 28 രൂപയില്‍നിന്ന് 40 രൂപയുമാക്കി. പരിപ്പുവട, ഉഴുന്നുവട, സമോസ എന്നിവ സെറ്റിന് 17 ആയിരുന്നത് 25 രൂപയായി. ചിക്കൻ ബിരിയാണിക്ക് ഇനി 100 രൂപയും മുട്ട ബിരിയാണിക്ക് 80 രൂപയും വെജിറ്റബിള്‍ ബിരിയാണിക്ക് 70 രൂപയും നല്‍കണം. കേന്ദ്രസർക്കാറിന്റെ ജനദ്രോഹ നയങ്ങളുടെ തുടർച്ചയാണ് റെയിൽവേയുടെ ഭക്ഷണ വിലവർധനയെന്നാണ് ആക്ഷേപം. മോദിയുടെ ട്രെയിനിൽ 95രൂപ, കേരളത്തിലെ ജനകീയ ഹോട്ടലിൽ 20 രൂപ മാത്രം!. കേന്ദ്രത്തിെൻറ ഊണിന് 95 രൂപ, പിണറായിയുടെ ഊണിന് 20 രൂപ എന്നിങ്ങനെയാണ് പ്രചാരണം മുറുകുന്നത്. എന്നാൽ, ജനകീയ ഹോട്ടലുകളിലെ ഊണിൽ മത്സ്യമില്ലെന്നും മറ്റുമുള്ള മറുവാദവും സജീവമാണ്.