തിരുവനന്തപുരം∙ വന്ദേഭാരത് ട്രെയിനുകൾ കൃത്യസമയത്താണ് സർവീസ് നടത്തുന്നതെന്നു ദക്ഷിണ റെയിൽവേ. മാധ്യമ വാർത്തകളോടുള്ള പ്രതികരണമായാണ് റെയിൽവേ ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനിന് 7 സ്റ്റോപ്പുകളാണുള്ളത്. നിശ്ചയിച്ച ശരാശരി വേഗത്തിലാണ് ട്രെയിൻ ഓടുന്നത്.
നൂറ് ശതമാനം കൃത്യത യാത്രയുടെ തുടക്കത്തിലും അവസാന സ്റ്റോപ്പിലും ഇടയ്ക്കുള്ള സ്റ്റോപ്പുകളിലും ദിവസേന പാലിക്കുന്നുണ്ട്. ട്രാക്കുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ മനസിലാക്കുന്നതിനാണു വന്ദേഭാരത് ട്രെയിൻ സ്റ്റോപ്പുകളില്ലാതെ ട്രയൽ റൺ നടത്തിയത്. ഇതിനെ സാധാരണ ദിവസത്തെ സർവീസുമായി താരതമ്യപ്പെടുത്താനാകില്ലെന്ന് റെയിൽവേ അറിയിച്ചു.
ട്രെയിനിന്റെ വേഗം വർധിപ്പിക്കാനായി വേണാട് എക്സ്പ്രസും പാലരുവി എക്സ്പ്രസും പുറപ്പെടുന്ന സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. വന്ദേഭാരത് ട്രെയിൻ ഓടുന്നത് ഈ ട്രെയിനുകളുടെ ഓട്ടത്തെ ബാധിച്ചിട്ടില്ല. കായംകുളം–കോട്ടയം സെക്‌ഷനിൽ ട്രാക്കിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നത് ട്രെയിനുകളുടെ ഓട്ടത്തെ ചെറിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഈ കാലതാമസത്തെ വന്ദേഭാരത് ട്രെയിനുമായി ബന്ധപ്പെടുത്തരുതെന്നും റെയിൽവേ അറിയിച്ചു.