കൊച്ചി : എറണാകുളം – ഷൊര്‍ണൂര്‍ മൂന്നാം പാതയുടെ നിര്‍മാണച്ചെലവു കണക്കാക്കുമ്പോള്‍ ഇപ്പോള്‍ പദ്ധതി ഏറ്റെടുക്കുന്നതു പ്രായോഗികമല്ലെന്നു റെയില്‍വേ. 130 കിലോമീറ്റര്‍ വേഗം സാധ്യമാകുന്ന തരത്തില്‍ പുതിയ പാതകള്‍ നിര്‍മിക്കണമെന്ന റെയില്‍വേ ബോര്‍ഡ് നിര്‍ദേശത്തെ തുടര്‍ന്നു പാതയുടെ അലൈന്‍മെന്റ് പുതുക്കിയപ്പോള്‍ അധിക സാമ്പത്തികബാധ്യത വരുമെന്നു കണ്ടെത്തിയിരുന്നു. അന്തിമ ലൊക്കേഷന്‍ സര്‍വേ തുടരുന്നുണ്ടെങ്കിലും ചെലവ് ഇരട്ടിയാകുമെന്നതിനാല്‍ മൂന്നാം പാത പദ്ധതി തല്‍ക്കാലം മാറ്റിയെന്നു തിരുവനന്തപുരം റെയില്‍വേ ഡിവിഷനിലെ ഉന്നതോദ്യോഗസ്ഥര്‍ പറഞ്ഞു. പകരം എറണാകുളം – ഷൊര്‍ണൂര്‍ പാതയില്‍ ഓട്ടമാറ്റിക് സിഗ്നലിങ് സംവിധാനം ഏര്‍പ്പെടുത്താനാണു മുന്‍ഗണനയെന്ന് അധികൃതര്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ 316 കോടി രൂപ ചെലവില്‍ എറണാകുളം – പൂങ്കുന്നം സെക്ഷനില്‍ ഓട്ടമാറ്റിക് സിഗ്നലിങ്ങിന് അനുമതി തേടിയിട്ടുണ്ട്. കൂടുതല്‍ ട്രെയിനുകളോടിക്കാന്‍ പുതിയ ഇതു സഹായിക്കും. എറണാകുളം – ഷൊര്‍ണൂര്‍ മൂന്നാം പാതയ്ക്കു 2018ലാണു റെയില്‍വേ അനുമതി നല്‍കിയത്. കഴിഞ്ഞ 3 ബജറ്റുകളിലും നാമമാത്രമായ തുകയാണു പദ്ധതിക്കു വകയിരുത്തിയത്.
എറണാകുളം – ഷൊര്‍ണൂര്‍ റൂട്ടില്‍ ആദ്യം നിലവിലുള്ള പാതയ്ക്കരികില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ തന്നെ ട്രെയിനോടിക്കാനായിരുന്നു പദ്ധതി. വേഗം കൂട്ടാന്‍ അലൈന്‍മെന്റ് പുതുക്കിയപ്പോള്‍ തൃശൂര്‍, ചാലക്കുടി സ്റ്റേഷനുകള്‍ മാത്രമാണു പുതിയ പാതയില്‍ ബന്ധിപ്പിക്കാന്‍ കഴിയുന്നത്. ഗുഡ്‌സ് ട്രെയിനുകള്‍ എത്തേണ്ട സ്റ്റേഷനുകള്‍ ബന്ധിപ്പിക്കാതെ പാത നിര്‍മിക്കുന്നതിനോടു റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കിടയില്‍ യോജിപ്പില്ല. പുതിയ പാത നിര്‍മിക്കുന്നതിന്റെ മൂന്നിലൊന്നു ചെലവില്‍ ഓട്ടമാറ്റിക് സിഗ്നലിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയുമെന്നതാണു നേട്ടം.