റായ്പൂർ: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ റായ്പൂരിൽ വരവേറ്റത് റോസ് കാർപെറ്റ്. പ്രിയങ്ക വേദിയിലേക്കെത്തുന്ന സിറ്റി എയർപോർട്ടിന് മുന്നിലുള്ള റോഡിന്റെ ഒരു വശത്തുകൂടിയാണ് പ്രിയങ്ക ഗാന്ധിക്കായി റോസ് വിരിച്ച പാതയുണ്ടാക്കിയത്. കോൺഗ്രസിന്റെ 85ാം പ്ലീനറി സെഷനിൽ പങ്കെടുക്കാനാണ് പ്രിയങ്ക ഗാന്ധി റായ്പൂരിലെത്തിയത്.
റോഡിനൊരു വശം ഒരുക്കാൻ ആറായിരം കിലോഗ്രാം റോസാപ്പൂക്കളാണ് പ്രവർത്തകർ ഉപയോഗിച്ചിട്ടുള്ളത്. രണ്ടുകിലോമീറ്റർ ദൂരത്തോളമാണ് റോസ് കാർപെറ്റ് തയ്യാറാക്കിയിട്ടുള്ളത്. റോഡിനിരുവശത്തുമായി പരമ്പരാഗതമായ വേഷവിധാനത്തോടു കൂടിയ നാടൻകലാകാരൻമാർ നൃത്തം ചെയ്തുമാണ് പ്രിയങ്കയെ വരവേറ്റത്. രാവിലെ 8.30ഓടെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിലെത്തിയ പ്രിയങ്കാ ഗാന്ധിയെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും, കോൺഗ്രസ് അധ്യക്ഷൻ മോഹൻ മർക്കവും ചേർന്നാണ് സ്വീകരിച്ചത്. കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയും സ്വീകരിച്ചു. കാറിന് മുകളിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്താണ് പ്രിയങ്ക വേദിയിലേക്കെത്തിയത്.
ആറായിരം കിലോഗ്രാം പൂക്കളാണ് റോഡ് അലങ്കരിക്കാനായി ഉപയോഗിച്ചത്. ഇവിടെയെത്തുന്ന എല്ലാ ഉയർന്ന നേതാക്കൾക്കും പുതിയ ആശയത്തോടെയുള്ള സ്വീകരണങ്ങൾ സംഘടിപ്പിക്കാനാണ് ശ്രമിക്കാറുള്ളതെന്ന് റായ്പൂർ മേയർ ഐജാസ് ദെബാർ പറഞ്ഞു. പ്രവർത്തകരൊരുക്കിയ മനോഹരമായ സ്വീകരണത്തിന് പ്രിയങ്കഗാന്ധി നന്ദി കുറിച്ചു. തനിക്ക് നൽകിയ മനോഹരമായ സ്വീകരണത്തിൽ താൻ ആശ്ചര്യപ്പെടുന്നുവെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. 24 മുതൽ 26 വരെ നടക്കുന്ന പ്ലീനറി സെഷനിൽ പങ്കെടുക്കുവാൻ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വെള്ളിയാഴ്ച്ച തന്നെ റായ്പൂരിലെത്തിയിരുന്നു.
അതേസമയം, സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ സൂചന നൽകി സോണിയ ഗാന്ധി രംഗത്തെത്തി. ഭാരത് ജോഡോയാത്ര പാർട്ടിയുടെ വളർച്ചയിൽ നിർണായക വഴിത്തിരിവാണെന്നും ഈ യാത്രയോടെ തന്റെ ഇന്നിംങ്ങ്സ് അവസാനിപ്പിക്കുകയാണെന്നും സോണിയ ഗാന്ധി പറഞ്ഞു.