ബെല്ലാരി (കർണാടക): ബെല്ലാരി സിറ്റി കോർപ്പറേഷന്റെ (ബിസിസി) പുതിയ മേയറായി 23കാരിയെ തെരഞ്ഞെടുത്തു. 23കാരിയായ ഡി ത്രിവേണിയെയാണ് ബുധനാഴ്ച മേയറായി സ്ഥാനമേറ്റെടുത്തത്. കർണാടകയിൽ ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ത്രിവേണി. നാലാം വാർഡിൽ നിന്ന് വിജയിച്ച ത്രിവേണി, ബിജെപി സ്ഥാനാർഥിയെ 28 വോട്ടിന് പരാജയപ്പെടുത്തിയാണ് മേയര്‍ സ്ഥാനത്തെത്തിയത്. ബിജെപിക്കു വേണ്ടി നാഗരത്നയാണ് മത്സരിച്ചത്. അഞ്ച് സ്വതന്ത്ര അംഗങ്ങൾ കോൺഗ്രസ് സ്ഥാനാർഥിയായ ത്രിവേണിയെ പിന്തുണച്ചു. ഡെപ്യൂട്ടി മേയറായി കോൺഗ്രസിലെ ബി ജാനകി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബെല്ലാരി കോർപ്പറേഷനിലെ ആകെയുള്ള 39 വാർഡുകളിൽ 26 എണ്ണത്തിൽ കോൺഗ്രസും 13 എണ്ണത്തിൽ ബിജെപിയും വിജയിച്ചു.
ത്രിവേണിയുടെ അമ്മ സുശീലഭായി 2019-20 സമയത്ത് ബെല്ലാരി മേയറായിരുന്നു. 21 വയസ്സുള്ളപ്പോഴാണ് ത്രിവേണി ആദ്യമായി കൗൺസിലറാകുന്നത്. ഹെൽത്ത് ഇൻസ്‌പെക്ടറായി ഡിപ്ലോമ നേടിയ ത്രിവേണി, ചെറുപ്പത്തിലേ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. മാതാപിതാക്കൾ സജീവ കോൺഗ്രസ് പാർട്ടി അംഗങ്ങൾ. ജനങ്ങളെ സേവിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ബെല്ലാരി നഗരത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്നും ത്രിവേണി പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷമായി കോർപ്പറേറ്ററായി പ്രവർത്തിച്ച എനിക്ക് എന്റെ വാർഡിലെ നിരവധി പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചു. നഗരത്തിലെ ഡ്രെയിനേജ് സംവിധാനത്തിന് പ്രശ്നമുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടു. ഈ വിഷയം ഉടൻ പരിഹരിക്കും. നഗരത്തിന്റെ ശുചിത്വത്തിന് പ്രാധാന്യം നൽകുമെന്നും ത്രിവേണി പറഞ്ഞു. എല്ലാവരെയും വിശ്വാസത്തിലെടുത്ത് ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്ന് ത്രിവേണി പറഞ്ഞു. നല്ല ഭരണം ഉറപ്പാക്കാൻ എല്ലാവരിൽ നിന്നും സഹകരണം പ്രതീക്ഷിക്കുന്നതായും ത്രിവേണി വ്യക്തമാക്കി. കേരളത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ 21കാരിയായ ആര്യാ രാജേന്ദ്രനെ സിപിഎം മേയറായി സ്ഥാനമേല്‍പ്പിച്ചിരുന്നു.