തിരുവനന്തപുരം∙ ട്വിറ്റർ മുൻ സിഇഒ ജാക് ഡോർസിയുടെ പരാമർശം വസ്തുതാ പരമല്ലെന്നും ട്വിറ്റർ മാധ്യമ സ്വതന്ത്ര്യം ദുരുപയോഗം ചെയ്തുവെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാത്തതിനാലാണ് ട്വിറ്റർ ഓഫിസ് റെയ്ഡ് ചെയ്തത്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ രാജ്യത്തെ ചടങ്ങൾ പാലിക്കണംടെലഗ്രാം ബോട്ടിൽ വ്യക്തി വിവരങ്ങൾ വന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും കോവിൻ പോർട്ടലിൽനിന്നും വിവരങ്ങൾ ചോർന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ബിബിസി ഡോക്യുമെന്ററി സമയത്ത് കമ്യൂണിസ്റ്റ് സർക്കാർ മാധ്യമസ്വാതന്ത്ര്യത്തെപ്പറ്റി പറയുന്നു. ഇപ്പോൾ കേരളത്തിൽ മാധ്യമസ്വാതന്ത്ര്യത്തിനു നേരെ കടന്നുകയറുന്നു. സിപിഎമ്മിന്റെ കപടമുഖമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ട്വിറ്റർ പൂട്ടിക്കുമെന്ന് കേന്ദ്രസർക്കാർ ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി ട്വിറ്റർ സഹസ്‌ഥാപകനും മുൻ ചീഫ് എക്സ്ക്യൂട്ടീവ് ഓഫിസറുമായ (സിഇഒ) ജാക്ക് ഡോർസിയാണ് രംഗത്തെത്തിയത്. സ്വകാര്യ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണു വിദേശ രാജ്യങ്ങളിൽ ട്വിറ്റർ നടത്തിപ്പിൽ നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യയിലെ അനുഭവം അദ്ദേഹം വെളിപ്പെടുത്തിയത്.