പുതിയ സിനിമകളുടെ റിലീസിന് മുന്നോടിയായി ഹിമാലയത്തിൽ സന്ദർശനം നടത്താറുള്ള പതിവുണ്ട് നടൻ രജനികാന്തിന്. കൊവിഡ് കാലത്ത് മാത്രമാണ് ഈ യാത്രയിൽ ഒരു മുടക്കം സംഭവിച്ചത്. സമീപകാലത്ത് പുറത്തിറങ്ങി സൂപ്പർ ഹിറ്റായി മാറിയ ജിയലർ സിനിമയുടെ റിലീസിന് മുന്നോടിയായും രജനികാന്ത് ഹിമാലയത്തിലേക്ക് പോയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു അദ്ദേഹം തിരിച്ചെത്തിയത്. ഈ അവസരത്തിൽ താരം ബാബ ജി ഗുഹ സന്ദർശിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്.
“Divine tushar worldwide”, എന്ന യുട്യൂബ് ചാനലിൽ ആണ് വീഡിയോ വന്നിരിക്കുന്നത്. കാടും മലയും താണ്ടി ബാബ ജി ഗുഹ സന്ദർശിക്കുന്ന രജനികാന്തിനെ വീഡിയോയിൽ കാണാം. ഇദ്ദേഹത്തോടൊപ്പം സെക്യൂരിറ്റി ഉദ്യോഗസ്ഥരും പ്രദേശത്തെ അധികാരികളും ഉണ്ട്. ഒരു മണിക്കൂറോളം നടന്നാണ് താരം ഗുഹയിലെത്തിയതെന്നാണ് വിവരം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
“ഇതാണ് യഥാർത്ഥ രജനികാന്ത്, തലൈവർ രജനികാന്ത് ഹിമയാലയം സന്ദർശിച്ചതിൽ അതിയായ സന്തോഷമുണ്ട്, ഈ പ്രായത്തിലും മലയും മേടും ചുറുചുറുക്കോടെ കയറി ഇറങ്ങുന്ന അദ്ദേഹത്തെ സമ്മതിക്കണം”, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം, ജയിലര്‍ എന്ന സിനിമയാണ് രജനികാന്തിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായി രജനികാന്ത് തകര്‍ത്താടിയ ചിത്രത്തില്‍ മോഹന്‍ലാലും ശിവരാജ് കുമാറും അതിഥി വേഷത്തില്‍ എത്തി കസറിയിരുന്നു. മാത്യു എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ നരസിംഹ ആയിട്ടാണ് ശിവരാജ് കുമാര്‍ എത്തിയത്. രജനികാന്തിനൊപ്പം കട്ടയ്ക്ക് നിന്ന വില്ലനായി എത്തിയത് വിനായകന്‍ ആണ്. വര്‍മന്‍ എന്ന ഈ കഥാപാത്രത്തിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. നെല്‍സലണ്‍ ദിലീപ് കുമാര്‍ ആണ് ഈ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്‍റെ സംവിധാനം.