പ്രമേഹ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടനും ഡിഎംഡികെ പാര്‍ട്ടി പ്രസിഡന്റുമായ വിജയകാന്തിന് രോഗസൌഖ്യം ആശംസിച്ച് രജനീകാന്ത്. പ്രിയ സുഹൃത്ത് വിജയകാന്തിന് വേഗത്തില്‍ രോഗസൌഖ്യം ഉണ്ടാവട്ടെയെന്നും മുന്‍പത്തേതുപോലെ ക്യാപ്റ്റനായി ഗര്‍ജിക്കട്ടെയെന്നും താന്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയാണെന്ന് രജനി ട്വീറ്റ് ചെയ്തു.
പ്രമേഹ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വിജയകാന്തിന്റെ മൂന്നു കാൽ വിരലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. പ്രമേഹം കൂടിയതിനാൽ ശരീരത്തിന്റെ വലതു ഭാഗത്തേക്ക് രക്തയോട്ടം കുറഞ്ഞതാണ് വിരലുകൾ മുറിച്ച് നീക്കാൻ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തിങ്കളാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയത്. അദ്ദേഹം ചികിത്സയിൽ തുടരുകയാണെന്നും സുഖം പ്രാപിക്കുന്നുണ്ടെന്നും വൈകാതെ ആശുപത്രി വിടുമെന്നും വിജയകാന്തുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. നേരത്തെ വിദേശ ചികിത്സ നടത്തിയിരുന്നു. കഴിഞ്ഞ വർഷം പനിയും ശ്വാസതടസ്സവും ഉണ്ടായതിനെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലും അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു.
അനാരോഗ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നില്‍ക്കുകയാണ് വിജയകാന്ത്. 2016നു ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലൊന്നും അദ്ദേഹം മത്സരിച്ചിട്ടില്ല. ചികിത്സ പൂര്‍ത്തിയായി ഏതാനും ദിവസത്തിനകം അദ്ദേഹം വീട്ടില്‍ തിരിച്ചെത്തുമെന്നും സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും ഡിഎംഡികെ പ്രസ്താവനയിലൂടെ പാര്‍ട്ടി അണികളെ അറിയിച്ചിട്ടുണ്ട്.