കാസർകോട്: സംസ്ഥാന സർക്കാറിന്‍റെ കെ-റെയിൽ സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രം അനുമതി നിഷേധിച്ചതിന് പിന്നാലെ പരിഹാസവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ‘ ഒടുവിൽ പവനായി ശവമായി , നാട്ടുകാരുടെ മുന്നിൽ നാണക്കേടുമായി. കെ-റെയിൽ വേണ്ട, കേരളം മതി ‘ എന്നായിരുന്നു എം.പിയുടെ പോസ്റ്റ്. കെ-റെയിൽ സർവേ കുറ്റികൾക്ക് മേൽ റീത്ത് വെച്ച ചിത്രവും പോസ്റ്റ് ചെയ്തു.
കെ-റെയിലിന് കേന്ദ്രം താൽക്കാലികമായി അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. കെ-റെയിലിൽ പ്രതിപക്ഷ ആരോപണം കേന്ദ്ര സർക്കാർ ശരിവെച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാന സർക്കാറിന്‍റെത് വെറുംവാക്കാണ്. ഡാറ്റ ക്രമക്കേടാണ് സർക്കാർ നടത്തിയതെന്നും സതീശൻ ആരോപിച്ചു. കേരളം നൽകിയ ഡി.പി.ആർ പൂർണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്. എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കെ. മുരളീധരൻ എന്നിവർക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.