കാസർകോട്∙ പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത മുൻ കോൺഗ്രസ് നേതാവും അഭിഭാഷകനുമായി സി.കെ.ശ്രീധരനെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. പണത്തിനു വേണ്ടി അവിശുദ്ധ ബന്ധം സൂക്ഷിക്കുന്ന ആളാണ് സി.കെ.ശ്രീധരനെന്നും അദ്ദേഹം സ്ത്രീയായി ജനിക്കാത്തത് കാഞ്ഞങ്ങാട്ടുകാരുടെയും കേരളത്തിന്റെയും ഭാഗ്യമാണെന്നാണ് പരാമർശം.
‘ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ അപ്പീൽ പരിഗണിക്കുന്ന ദിവസം സ്പെഷൽ പ്രോസിക്യൂട്ടറായ ശ്രീധരൻ കോടതിയിൽ ഹാജരാകാറില്ല, ജൂനിയേഴ്സിനെയാണ് പറഞ്ഞയക്കുക. മാർക്സിസ്റ്റ് നേതാവ് മോഹനനേയും അദ്ദേഹവുമായി ബന്ധപ്പെട്ട് ശിക്ഷിക്കാൻ ഉതകുന്ന സാക്ഷികളേയും വിസ്തരിക്കാൻ വിളിച്ച ദിവസങ്ങളിൽ വിചാരണ കോടതികളിൽ നിന്ന് മുങ്ങുന്ന കാഴ്ച അന്നു ഞങ്ങൾ കണ്ടു. പണത്തിനു വേണ്ടി മാർക്സിസ്റ്റ് പാർട്ടിയുമായും ആർഎസ്എസുമായും ഉണ്ട്. ഇയാളുടെ ശരീരം കോൺഗ്രസിലും മനസ്സ് മാർക്സിസ്റ്റ് പാർട്ടിയിലും ബിജെപിയിലുമാണ്. ഇയാൾ സ്ത്രീയായി ജനിക്കാതിരുന്നത് കാഞ്ഞങ്ങാട്ടുകാരുടെയും കേരളത്തിന്റെയും ഭാഗ്യമെന്നേ പറയാനുള്ളൂ’– ഉണ്ണിത്താൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പെരിയയിൽ കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തെയും ശ്രീധരൻ ചതിച്ചു. അന്ന് വക്കാലത്ത് ഏറ്റെടുത്ത ശ്രീധരന് കേസിന്റെ എല്ലാ വിവരങ്ങളും കുടുംബം കൈമാറിയിരുന്നു. എറണാകുളത്തെ ഒരു ഹോട്ടൽ റൂമിൽ വച്ചാണ് വിവരങ്ങൾ കൈമാറിയത്. കോൺഗ്രസ് നേതാവായിരുന്ന ശ്രീധരനെ അന്ന് അവിശ്വസിച്ചിരുന്നില്ല. എന്നാൽ പിന്നീട് സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടപ്പോൾ അതിൽനിന്ന് പിന്തിരിപ്പിച്ചു. ഒരിക്കലും സിബിഐ ഏറ്റെടുക്കില്ലെന്ന് പറഞ്ഞു. സിബിഐ ഏറ്റെടുക്കുമോ ഇല്ലയോ എന്ന് വിചാരണ നടക്കുമ്പോഴല്ലേ തീരുമാനിക്കാനാകൂ. സി.കെ.ശ്രീധരനെപ്പോലെ പ്രഗത്ഭനായ വക്കീൽ ഒരു മുൻവിധി നടത്തുന്നത് എങ്ങനെയാണ്? അവിടെ ഒരു ചതി നടന്നു. പിലാത്തോസും ജൂദാസും ചേർന്നാൽ എന്താണോ അതാണ് ശ്രീധരനെന്നും ഉണ്ണിത്താൻ പറഞ്ഞു.