ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കിയ നിര്‍ണായക രാജ്യസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ ബിജെപിക്കു തിരിച്ചടി. വാശിയേറിയ പോരാട്ടം നടന്ന രാജസ്ഥാനിൽ കോൺഗ്രസ് മൂന്നു സീറ്റിൽ വിജയിച്ചു. ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചു. കോൺഗ്രസിന്റെ മുകുൾ വാസ്‌നിക്, രൺദീപ് സുർജേവാല എന്നിവർക്കൊപ്പം പ്രമോദ് തിവാരിയും ജയിച്ചുകയറി. ഇവിടെ ബിജെപി എംഎൽഎ ശോഭ റാണി ഖുശ്വാഹ കോൺഗ്രസിന് വോട്ടു ചെയ്തു. കോണ്‍ഗ്രസിന്‍റെ പ്രമോദ് തിവാരിയും ബിജെപി പിന്തുണയോടെയുള്ള സ്വതന്ത്രന്‍ സുഭാഷ് ചന്ദ്രയും തമ്മിലായിരുന്നു രാജസ്ഥാനിൽ ഭാഗ്യപരീക്ഷണം. സുഭാഷ് ചന്ദ്ര പരാജയപ്പെട്ടു.
അതേസമയം, കർണാടകയിൽ ബിജെപി നേട്ടമുണ്ടാക്കി. ഇവിടെ മൂന്നു സീറ്റിൽ ബിജെപിയും ഒരു സീറ്റിൽ കോൺഗ്രസും ജയിച്ചു. കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിർമല സീതാരാമൻ, ബിജെപിയുടെ ജഗ്ഗേഷ്, കോൺഗ്രസിന്റെ മുതിർന്ന നേതാവ് ജയറാം രമേശ് എന്നിവർ വിജയിച്ചവരുടെ കൂട്ടത്തിലുണ്ട്. നാലു സീറ്റുകളിലേക്ക് ആറു പേർ നാമനിർദ്ദേശ പത്രിക നൽകിയതോടെയാണ് ഇവിടെ ചൂടേറിയ മത്സരത്തിന് കളമൊരുങ്ങിയത്.
രാജസ്ഥാനിൽ മൂന്നു സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പ്രതികരിച്ചു. ‘കോൺഗ്രസിന് മൂന്നു സ്ഥാനാർഥികളേയും വിജയിപ്പിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്ന് ആദ്യം മുതലേ വ്യക്തമായിരുന്നു. പക്ഷേ, ഒരു സ്വതന്ത്രനെ നിർത്തി ബിജെപിയാണ് കുതിരക്കച്ചവടം നടത്തിയത്. പക്ഷേ, കോൺഗ്രസ് എംഎൽഎമാരുടെ ഒറ്റക്കെട്ടായുള്ള പ്രവർത്തനം അവർക്കുള്ള തക്ക മറുപടിയായി. ഇനി 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി സമാനമായ തോൽവി നേരിടും’ – ഗെഹ്‌ലോട്ട് പറഞ്ഞു.
അതേസമയം, കോൺഗ്രസിന് വോട്ടു ചെയ്ത ധോൽപുർ എംഎൽഎ ശോഭ റാണി ഖുശ്വാഹയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയതായി ബിജെപി അറിയിച്ചു. കോൺഗ്രസിലെ ഭിന്നത മുതലെടുക്കാൻ ബിജെപി തുനിഞ്ഞിറങ്ങിയതോടെ രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഹരിയാനയില്‍ ഭൂപിന്ദര്‍ സിങ് ഹൂഡയും കര്‍ണാടകയില്‍ സിദ്ധരാമയ്യയും നേരിട്ടാണ് കൂറുമാറ്റം തടയാന്‍ നേതൃത്വം നല്‍കിയത്. ചാക്കിട്ടുപിടുത്തം ഭയന്ന് റിസോര്‍ട്ടുകളിലേയ്ക്ക് മാറ്റിയിരുന്ന എംഎല്‍എമാരെ രാവിലെ വോട്ടെടുപ്പിന് എത്തിച്ചിരുന്നു.
രാജ്യസഭയിലേയ്ക്കുള്ള 57 ഒഴിവുകളില്‍ 41 സീറ്റുകളിലേക്ക് വിവിധ കക്ഷി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 16 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. ഇതിൽ രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ നാലു സീറ്റുകളിലാണ് അപ്രവചനീയമായ പോരാട്ടം നടന്നത്.