ന്യൂഡൽഹി: എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 10 രാജ്യസഭാ അംഗങ്ങളുടെ ഒഴിവ് വന്നതായി രാജ്യസഭാ സെക്രട്ടേറിയേറ്റ് അറിയിച്ചു. ബി.ജെ.പിയുടെ ഏഴും പ്രതിപക്ഷത്തിന്റെ മൂന്നും എം.പിമാരാണ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതേ തുടർന്ന് നടക്കുന്ന ഉപതെരഞ്ഞടുപ്പിൽ 10 സീറ്റുകളും ബി.ജെ.പിക്ക് ലഭിക്കുന്നതോടെ രാജ്യസഭയിൽ പാർട്ടി നില മെച്ചപ്പെടുത്തും.
രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ എം.പിയായ കെ.സി. വേണുഗോപാലിന് പുറമെ ഹരിയാനയിൽ നിന്നുള്ള ദീപേന്ദർ സിങ്ങ് ഹൂഡയും ലോക്സഭാ എം.പിയായതോടെ ഉപരിസഭയിലെ കോൺഗ്രസ് എം.പിമാരുടെ എണ്ണം 26ലെത്തി. പ്രതിപക്ഷ നേതൃസ്ഥാനം കോൺഗ്രസിന് നിലനിർത്താൻ ആവശ്യമായ 25 എം.പിമാർ രാജ്യസഭയിലുണ്ടെന്ന് തൽക്കാലം ആശ്വസിക്കാം. കേവലം ഒരു എം.പി മാത്രമാണ് കൂടുതലുള്ളത്. ഇൻഡ്യ കക്ഷിയായ ആർ.ജെ.ഡിയുടെ ബിഹാറിൽ നിന്നുള്ള എം.പിയും ലാലുപ്രസാദ് യാദവിന്റെ മകളുമായ മിസ ഭാരതിയാണ് ലോക്സഭയിലെത്തിയ മൂന്നാമത്തെ പ്രതിപക്ഷ എം.പി.
കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ (മഹാരാഷ്ട്ര), ജ്യോതിരാദിത്യ സിന്ധ്യ, സർബാനന്ദ സോനോവാൾ (അസം), മുൻ മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് (ത്രിപുര), കാമക്യ പ്രസാദ് താസ (അസം), വിവേക് ഠാക്കൂർ (ബിഹാർ), ഉദയൻരാജെ ഭോൻസ്ലെ (മഹാരാഷ്ട്ര) എന്നിവരാണ് ലോക്സഭയിലേക്ക് എത്തുന്ന ബി.ജെ.പി എം.പിമാർ. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിക്ക് നിലവിൽ 97ഉം ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന് 28ഉം അംഗങ്ങളാണുള്ളത്.