മുൻകൂര്‍ ജാമ്യം തേടി ബോളിവുഡ് താരം രാഖി സാവന്ത് സമര്‍പ്പിച്ച ഹര്‍ജി മുംബൈ കോടതി തള്ളി. രാഖിക്കെതിരെ ആദില്‍ ഖാൻ ദുറാനിയാണ് കേസ് നല്‍കിയത്. രാഖിയുടെ മുൻ ഭര്‍ത്താവാണ് ആദില്‍. വിവിധ ഓണ്‍ലൈൻ പ്ലാറ്റ്‍ഫോമുകളിലൂടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് രാഖി ഭീഷണിപ്പെടുത്തി എന്നായിരുന്നു ആദില്‍ ഖാൻ ദുറാനി കേസ് നല്‍കിയത്.രാഖി സാവന്ത് ഒരു ടെലിവിഷൻ ഷോയില്‍ പങ്കെടുത്തപ്പോള്‍ നടിയുടെ മൊബൈല്‍ ഫോണിലെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു എന്നാണ് മുൻ ഭര്‍ത്താവായ ആദിലിന്റെ പരാതി. താനും ഉള്‍പ്പെടുന്ന സ്വകാര്യ ദൃശ്യങ്ങളാണ് ഷോയില്‍ കാണിച്ചത്. വാട്‍സ് ആപ്പിലടക്കം ലിങ്കുകളും പങ്കുവെച്ചു. അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തിയാണ് ചെയ്‍തതെന്നും രാഖിക്കെതിരെയുള്ള കേസില്‍ ആദില്‍ പരാതിപ്പെടുന്നു.
മുൻ ഭര്‍ത്താവ് ആദിലിന് എതിരെ കേസുകള്‍ നിരവധി രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട് എന്നതിനാല്‍ അദ്ദേഹത്തിന്റെ നടപടികള്‍ സംശയാസ്‍പദമാണ് എന്ന് നടി രാഖി സാവന്ത് മുൻകൂര്‍ ജാമ്യാപേക്ഷയില്‍ വാദിക്കുന്നു. ഷോയില്‍ മൊബൈല്‍ ഫോണ്‍ പ്രദര്‍ശിപ്പിച്ചെങ്കിലും ദൃശ്യങ്ങള്‍ ഒട്ടും വ്യക്തമായിരുന്നില്ല എന്ന ഒരു കാരണത്താല്‍ ഇൻഫോര്‍മേഷൻ ടെക്‍നോളജി ആക്റ്റ് പ്രകാരം കുറ്റകരമല്ല എന്നും രാഖി സാവന്ത് വാദിക്കുന്നു. വീഡിയോ പകര്‍ത്തിയത് ആദിലാണ്. അതിനാല്‍ ആദില്‍ ഖാൻ ദുറാനിക്കെതിരെയും കേസ് എടുക്കണം എന്നും നടി രാഖി സാവന്ത് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ അഭ്യര്‍ഥിക്കുന്നു.
മുൻകൂര്‍ ജാമ്യം തേടിയുള്ള അപേക്ഷയില്‍ താരം നിരത്തിയ വാദങ്ങള്‍ കോടതി തള്ളിക്കളയുകയും മുൻകൂര്‍ ജാമ്യം നിരസിക്കുകയും ചെയ്‍തു. പരാതി ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച മൊബൈല്‍ ഫോണ്‍ താരത്തിന്റെ പക്കലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയോടെ വ്യക്തമാക്കി. കേസില്‍ മറ്റ് നടപടികള്‍ വ്യക്തമാക്കിയിട്ടില്ല.