ആലപ്പുഴ: സി.പി.എം ഭരിക്കുന്ന രാമങ്കരി പഞ്ചായത്ത് പ്രസിഡന്‍റ് ആർ. രാജേന്ദ്ര കുമാറിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. നാല് സി.പി.എം അംഗങ്ങളും നാല് കോൺഗ്രസ് അംഗങ്ങളും അവിശ്വാസപ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു. ഇതോടെ, 25 വർഷം തുടർച്ചയായി സി.പി.എം ഭരിച്ച രാമങ്കരി പഞ്ചായത്ത് ഭരണമാണ് കടുത്ത വിഭാഗീയതയിൽ പാർട്ടിക്ക് നഷ്ടമായത്.
പ്രസിഡന്റ് രാജേന്ദ്രകുമാറും നാല് സി.പി.എം അംഗങ്ങളും അവിശ്വാസപ്രമേയത്തെ എതിർത്ത് വോട്ട് രേഖപ്പെടുത്തി. കൗൺസിൽ യോഗത്തിൽ അവിശ്വാസം പാസായതോടെ പ്രസിഡന്‍റ് ആർ. രാജേന്ദ്രകുമാർ പഞ്ചായത്ത് അംഗത്വം രാജിവച്ചു. രാജേന്ദ്രകുമാർ സി.പി.ഐയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 22 വോട്ടിനാണ് രാജേന്ദ്ര കുമാർ വിജയിച്ചത്. പാർട്ടി ശക്തികേന്ദ്രമായ വാർഡിൽ 250 വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കേണ്ടതാണെന്നും പാർട്ടിയിലെ വിഭാഗീയതയാണ് ഭൂരിപക്ഷം കുറച്ചതെന്നുമാണ് രാജേന്ദ്രകുമാർ ആരോപിക്കുന്നത്.
2023 സെപ്റ്റംബറിലാണ് കുട്ടനാട്ടിലെ സി.പി.എമ്മിലെ വിഭാഗീയത പൊട്ടിത്തെറിയിലെത്തിയത്. കടുത്ത വിഭാഗീയതയെ തുടർന്ന് പാർട്ടി ശക്തികേന്ദ്രമായ രാമങ്കരിയൽ നിന്ന് ജനപ്രതിനിധികളടക്കം 222 പേർ കൂട്ടത്തോടെ സി.പി.ഐയിൽ ചേർന്നതായിരുന്നു തുടക്കം. ആർ. രാജേന്ദ്രകുമാറടക്കം ആറ് ജനപ്രതിനിധികളും രണ്ട് ഏരിയ കമ്മിറ്റി അംഗങ്ങളും 19 ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെയുള്ളവരാണ് സി.പി.ഐയിൽ അംഗത്വമെടുത്തത്.