കടുവ സിനിമയില്‍ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ച് നായക കഥാപാത്രം പറയുന്ന സംഭാഷണം സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പിന്നാലെ സംവിധായകന് ഷാജി കൈലാസും നായകനായെത്തിയ പൃഥ്വിരാജ് സുകുമാരനും തെറ്റ് സമ്മതിച്ചും മാപ്പ് ചോദിച്ചും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ഈ സംഭാഷണ ശകലം തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് പറയുകയാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കലാമൂല്യത്തിനും സാമൂഹിക ആവിഷ്കാരത്തിനുമൊക്കെ ഒട്ടേറെ പ്രാധാന്യം നൽകിയ മലയാള സിനിമയില്‍ നിന്ന് കൂടുതല്‍ ജാഗ്രത ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.