തിരുവനന്തപുരം : പരസ്പര വിരുദ്ധമായി സംസാരിച്ച് കെല്‍ട്രോണ്‍ ഉരുണ്ടു കളിക്കുന്നത് സേഫ് കേരളാ പദ്ധതിയില്‍ കള്ളക്കളിയും അഴിമതിയും നടന്നു എന്നതിന് വ്യക്തമായ തെളിവാണെന്ന് കോൺഡഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് തങ്ങളുടെ മാത്രം പദ്ധതിയാണെന്നും ഉപകരാറുകളൊന്നും നല്‍കിയിട്ടില്ലെന്നുമാണ് കെല്‍ട്രോണ്‍ ആദ്യം പത്രക്കുറിപ്പില്‍ പറഞ്ഞത്.
എന്നാല്‍, കെല്‍ട്രോണ്‍ സി.എം.ഡി എന്‍. നാരായണമൂര്‍ത്തി ഇന്നലെ പറഞ്ഞത് എസ്.ഐ.ആര്‍.ടി എന്ന കമ്പനിക്ക് കരാര്‍ നല്‍കിട്ടുണ്ടെന്നാണ്. മാത്രമല്ല, സ്രിട്ട് മറ്റാര്‍ക്കെങ്കിലും ഉപകരാറുകള്‍ നല്‍കിയതില്‍ കെല്‍ട്രോണിന് ബാധ്യതയുമില്ലെന്നും സി.എം.ഡി പറഞ്ഞു. ഉപകാരറുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ താന്‍ തെളിവ് പുറത്തു വിട്ടപ്പോള്‍ സിര്‍ട്ടാണ് ഉപകരാര്‍ നല്‍കിയതെന്ന് വിചിത്ര മറുപടിയാണ് സി.എം.ഡി നൽകിയത്.
സി.എം.ഡിയുടെ വിശദീകരണത്തോടെ താന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ പൂർണമായും ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണ്. വിശദീകരണം തന്നെ ഒരു കുറ്റസമ്മതമാണ്. ആദ്യ ദിവസം കെല്‍ട്രോണ്‍ പറഞ്ഞത് കാമറ നിര്‍മ്മിക്കുന്നത് ഉള്‍പ്പടെ എല്ലാം കെല്‍ട്രോണെന്ന് ആയിരുന്നു. എന്നാല്‍ കെല്‍ട്രോണ്‍ സി.എം.ഡി പിന്നീട് അതും തള്ളിപ്പറഞ്ഞു. കാമറകള്‍ വാങ്ങിയവയാണെന്നാണ് സി.എം.ഡി ഇപ്പോള്‍ പറയുന്നത്.
ഈ പദ്ധതിക്ക് ആവശ്യമായ സോഫ്റ്റ് വെയര്‍ രാജ്യത്തിനകത്തും പുറത്ത് നിന്നും ടെന്‍ഡര്‍ നടപടി പാലിച്ചാണ് വാങ്ങിയെന്നാണ്. അങ്ങനെയെങ്കില്‍ സോഫ്റ്റ് വെയര്‍ വാങ്ങിയതിന്റെ ടെണ്ടര്‍ രേഖകള്‍ പുറത്ത് വിടണം. കാമറ വാങ്ങിയ 74 കോടിക്ക് പുറമേ സോഫ്റ്റ് വെയറിന് എത്ര കോടി മുടക്കിയെന്ന് വ്യക്തമാക്കണം.
സര്‍ക്കാര്‍ ഇത് വരെ പണമൊന്നും മുടക്കിയിട്ടില്ലെന്നും സ്രിട്ടാണ് പണം മുടക്കിയതെന്നും സി.എം.ഡി സമ്മതിക്കുന്നു. അപ്പോള്‍ ഇത് ആരുടെ പദ്ധതിയാണെന്ന് കെല്‍ട്രോണ്‍ വിശദീകരിക്കണം. കെല്‍ട്രോണ്‍ വായ്പ എടുത്താണ് പദ്ധതി നടപ്പാക്കുന്നതെന്ന് പറയുന്നു. എത്ര കോടി എവിടെ നിന്ന് വായ്പ എടുത്തു എന്ന് വ്യക്തമക്കണം. സ്വകാര്യ കമ്പനികളാണ് തുക ചെലവാക്കുന്നതെങ്കില്‍ കെല്‍ട്രോണ്‍ എന്തിന് വായ്പ എടുക്കണം.
സര്‍ക്കാരിന് ഒരു രൂപ ചിലവില്ലെന്ന വിചിത്ര വാദമുയര്‍ത്തി സാധാരണക്കാരന്റെ തലയില്‍ പെറ്റി കെട്ടിവെച്ച് സ്വകാര്യകമ്പനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കാനും അതുവഴി കമീഷനടിക്കാനുമുള്ള ബോധപൂര്‍വ്വമായ നീക്കങ്ങളാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. വ്യക്തത വരുത്തിയില്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ പുറത്തു വിടുമെന്ന് ചെന്നിത്തല പറഞ്ഞു.