തിരുവനന്തപുരം : കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട തൃക്കാക്കരയിലെ കോൺഗ്രസ് പ്രചാരണതന്ത്രത്തിൽ എതിർപ്പുമായി രമേശ് ചെന്നിത്തല. ഇടത് സ്ഥാനാർഥിയെ സഭ നിശ്ചയിക്കുമെന്ന് കരുതുന്നില്ലെന്നും നിക്ഷിപ്ത താൽപര്യക്കാരാണ് കത്തോലിക്ക സഭയെ ആരോപണങ്ങളിലേക്ക് വലിച്ചിഴക്കുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. ‘ഇടത് മുന്നണിയുടെ സ്ഥാനാർത്ഥി നിർണയത്തിൽ സഭയുമായി ബന്ധപ്പെട്ട് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്ന് വരുന്നുണ്ട്. സഭ ഒരു സ്ഥാനാർത്ഥിയെ നിശ്ചിക്കുമെന്ന് ഞങ്ങളൊരിക്കലും കരുതുന്നില്ല. ജനാധിപത്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന വിശാല ചിന്താഗതിയുള്ളവരാണ് കത്തോലിക്കാ സഭ. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഒരുകാലത്തും അത്തരം ഇടപെടലുകൾ നടത്തിയിട്ടില്ല’. നിക്ഷിപ്ത താൽപര്യക്കാരാണ് അത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേ സമയം, തൃക്കാക്കരയിലെ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രത്തെ വിമർശിച്ച് മുതിർന്ന നേതാവ് ഡൊമനിക് പ്രസന്‍റേഷനും രംഗത്തെത്തി. ഇടതു സ്ഥാനാർഥിയുടെ സഭാ ബന്ധം ഉയർത്തി കാട്ടേണ്ട ആവശ്യമില്ലെന്നും അത്തരം പ്രചാരണങ്ങൾ യുഡിഎഫിന് തിരിച്ചടിയാകുമെന്നും ഡൊമനിക് പ്രസന്‍റേഷൻ പറഞ്ഞു. മണ്ഡലത്തിൽ രാഷ്ട്രീയ പ്രചാരണമാണ് നടത്തേണ്ടത്. ജോ ജോസഫ് സഭയുടെ സ്ഥാനാർഥി അല്ലെന്ന് ഇടത് നേതൃത്വം പറഞ്ഞത് വിശ്വസിക്കാമെന്നും ഡൊമനിക് പ്രസന്‍റേഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.