കോഴിക്കോട് : സമസ്തയുടെ സ്ത്രീവിരുദ്ധ നിലപാടിൽ സർക്കാർ കുറ്റകരമായ മൗനം പാലിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് രംഗത്ത്. മുടിയും നഖവും മനുഷ്യശരീരത്തിലെ മാലിന്യങ്ങളാണെന്ന് പാർട്ടി സെക്രട്ടറിയായിരിക്കെ പ്രഖ്യാപിച്ച പിണറായി വിജയന്റെ ആർജവം മുഖ്യമന്ത്രിയായപ്പോൾ നഷ്ടപ്പെട്ടതായി രമേശ് പരിഹസിച്ചു. ‘കേരളം തീവ്രവാദ പരിശീലനത്തിന് സുരക്ഷിത താവളമോ?’ എന്ന വിഷയത്തിൽ ബിജെപി സംഘടിപ്പിച്ച ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇറച്ചിക്കായി പശുവിനെ കൊല്ലുന്നതിനെ യുവനടി അനുകൂലിച്ച സംഭവത്തോടും എം.ടി.രമേശ് പ്രതികരിച്ചു. ഭരണഘടനാപരമായ അവകാശങ്ങളുള്ളതിനാൽ പല സംസ്ഥാനങ്ങളിലും പശുവിനെ കൊല്ലാൻ നിരോധനമുണ്ടെന്നത് ചലച്ചിത്ര താരത്തിന്റെ അറിവില്ലായ്മയായിരിക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ഇതിനെ അനുകൂലിച്ചവർ പതിനഞ്ചുകാരിയെ പൊതുവേദിയിൽ അപമാനിച്ച സംഭവത്തിൽ പ്രതികരിക്കുന്നില്ലെന്നും രമേശ് പറഞ്ഞു. സർക്കാരിന്റെ ലിംഗനീതിയും സാമൂഹികസമത്വവും ഏകപക്ഷീയമാണോ എന്ന് വ്യക്തമാക്കണം. ഒരു പെൺകുട്ടി പൊതുവേദിയിൽ അപമാനിക്കപ്പെടുകയെന്നത് മനുഷ്യാവകാശ ലംഘനമാണെന്നും രമേശ് പറഞ്ഞു.
‘‘കുളത്തൂപ്പുഴയിൽ വെടിയുണ്ട കണ്ടെടുത്ത സംഭവം മാനസിക വെല്ലുവിളിയുള്ളയാളുടെ പ്രവൃത്തിയാണെന്നാണ് കേരള പൊലീസ് കണ്ടെത്തിയത്. യുപി പൊലീസ് അവിടെ അറസ്റ്റു ചെയ്തയാൾ തമിഴ്നാട് അതിർത്തിയിൽ ആയുധ പരിശീലനം നേടിയെന്നു മൊഴി നൽകിയപ്പോൾ തമിഴ്നാട് പൊലീസാണ് പ്രതിയുമായി കുളത്തൂപ്പുഴയിലെത്തി അന്വേഷണം നടത്തിയത്. കേസ് എൻഐഎ ഏറ്റെടുത്തതു മുതൽ പൊലീസിനോടു ഫയൽ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ കൊടുത്തിട്ടില്ല. കുളത്തൂപ്പുഴ സംഭവം പോലെ കോഴിക്കോട് നെല്ലിക്കോട്ട് വെടിയുണ്ട കണ്ടെടുത്ത കേസും തേച്ചുമായ്ച്ചു കളയാനാണ് പൊലീസ് ശ്രമിക്കുന്നത്. സർക്കാരും പ്രതിപക്ഷവും ആരെയാണ് ഭയപ്പെടുന്നതെന്നു വ്യക്തമാക്കണം’ – രമേശ് പറഞ്ഞു.
‘‘പാലക്കാട്ട് എസ്ഡിപിഐയ്ക്ക് വിവരങ്ങൾ ചോർത്തി നൽകിയത് പൊലീസുകാരനാണെന്നു കണ്ടെത്തി. പോപ്പുലർ ഫ്രണ്ടിന് അഗ്നിരക്ഷാസേന പരിശീലനം നൽകി. ഇതെല്ലാം പൊലീസിൽ പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും നുഴഞ്ഞുകയറിയെന്നതിന്റെ തെളിവാണ്. പോപ്പുലർ ഫ്രണ്ടിനെയും എസ്ഡിപിഐയേയും നിരോധിച്ചതുകൊണ്ട് ഫലമില്ലെന്ന് കോടിയേരി ബാലകൃഷ്ണനല്ല തീരുമാനിക്കേണ്ടത്. മുഖ്യമന്ത്രിക്ക് ആർജവമുണ്ടെങ്കിൽ തൃക്കാക്കരയിൽ പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും വോട്ടു വേണ്ടെന്നു പറയാൻ തയാറാവണം’ – രമേശ് പറഞ്ഞു.