‘സായാഹ്നം’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി മലയാളികൾക്ക് സുപരിചിയായ നടിയാണ് രമ്യ നമ്പീശന്‍. അഭിനയം മാത്രമല്ല താനൊരു മികച്ച ഗായിക കൂടിയാണെന്ന് രമ്യ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും സ്റ്റേജ് ഷോകളിലും മറ്റും രമ്യ തന്റെ സാന്നിധ്യം അറിയിക്കാറുണ്ട്. ഇപ്പോഴിതാ പല സാഹചര്യങ്ങള്‍ കൊണ്ട് സിനിമയില്ലാത്ത അവസ്ഥയുണ്ടായിട്ടുണ്ടെന്ന് പറയുകയാണ് രമ്യ. ‘ബി 32 മുതല്‍ 44 വരെ’ എന്ന ചിത്രത്തിന്റെ പ്രെസ് മീറ്റിനിടെ ആയിരുന്നു നടിയുടെ പ്രതികരണം.
രമ്യ നമ്പീശന്റെ വാക്കുകൾ ഇങ്ങനെ
പല സാഹചര്യങ്ങള്‍കൊണ്ടും സിനിമയില്ലാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. അതിന് 24 മണിക്കൂറും വീട്ടിലിരുന്ന് കരയുന്നയാളല്ല ഞാന്‍. ചില സാഹചര്യങ്ങളില്‍ ചില നിലപാടുകൾ എടുക്കുമ്പോള്‍ നമ്മുടെ ഇന്‍ഡസ്ട്രിക്ക് ഒരു പ്രത്യേക സ്വഭാവമുള്ളതുകൊണ്ടും പല കാര്യങ്ങളും നഷ്ടപ്പെടാം. അതിനെ വൈകാരികമായി കാണുന്നതിനേക്കാള്‍ കൂടുതല്‍ വളരെ അഭിമാനത്തോടെയാണ് ഞാന്‍ കാണുന്നത്. പ്രശ്‌നം വരുമ്പോള്‍ തളര്‍ന്നിരിക്കരുതെന്ന് നമ്മള്‍ അതിജീവിത എന്നുവിളിക്കുന്ന എന്റെ സുഹൃത്ത് പഠിപ്പിച്ച കാര്യമാണ്. പ്രശ്നങ്ങളെ ധൈര്യത്തോടെ നേരിടുക. ഇവിടെ പിടിച്ചു നിൽക്കുക. ജോലി ചെയ്യുക എന്ന് തന്നെയാണ്. നമ്മുടെ നിലപാടുകൾ വച്ച് കാര്യങ്ങൾ ചെയ്യുക. ചില കാര്യങ്ങള്‍ കൂട്ടായി നിന്ന് ഉച്ചത്തില്‍ സംസാരിക്കുമ്പോഴാണ് കേള്‍ക്കുന്നത്. പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് കളക്റ്റീവ് പോലുള്ള സംരംഭം തുടങ്ങിയതും സംസാരിക്കുന്നതും. എല്ലാവർക്കും തുല്യ പരിഗണ ലഭിക്കുന്ന ഇൻസ്ട്രിയായി മലയാളം മാറട്ടെ. അതാണ് ഞങ്ങളുടെ ആഗ്രഹവും. എന്നെ സംബന്ധിച്ചടത്തോളം വേറൊരു ഇന്‍ഡസ്ട്രിയിൽ കൂടി ജോലി ചെയ്തതുകൊണ്ട് അവിടെ അവസരം കിട്ടി. വെറുതെയിരുന്നില്ല, സിനിമ ചെയ്യാന്‍ സാധിച്ചു. പല കാരണങ്ങള്‍കൊണ്ടും മലയാള സിനിമയില്‍ നിന്ന് അവഗണിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ട്.
കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പും കെ.എസ്.എഫ്.ഡി.സിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ബി 32 മുതൽ 44 വരെ’. സംവിധായിക ശ്രുതി ശരണ്യം തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. രമ്യ നമ്പീശനൊപ്പം അനാർക്കലി മരയ്ക്കാർ, സെറിൻ ഷിഹാബ്, അശ്വതി ബി, നവഗതയായ റെയ്ന രാധാകൃഷ്ണൻ എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.