മുംബൈ: സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ‘സ്വാതന്ത്ര്യ വീർ സവർക്കറി’ന്റെ റിലീസിനായി തയ്യാറെടുക്കുകയാണ് നടൻ രൺദീപ് ഹൂഡ. ഇപ്പോഴിതാ വി.ഡി സവർക്കറുടെ ജീവിതത്തെ ആസ്പദമാക്കി താൻ ഒരുക്കിയ സിനിമ ഒരു പ്രൊപഗണ്ടയല്ലെന്ന് അവകാശപ്പെട്ട് രംഗത്തുവന്നിരിക്കുകയാണ് ബോളിവുഡ് താരം.
സവർക്കർക്കെതിരായ പ്രോപഗണ്ടകളെ തകർക്കുന്നതാകും ചിത്രമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുി. സവർക്കർ മാപ്പുപറഞ്ഞിട്ടില്ലെന്നും ജയിലിൽനിന്നു ദയാഹരജി നൽകുക മാത്രമാണു ചെയ്തതെന്നും ഹൂഡ പറഞ്ഞു. മുംബൈയിലെ ജുഹുവിൽ നടന്ന ട്രെയിലർ ലോഞ്ചിൽ സംസാരിക്കവെയാണ് നടൻ ഇക്കാര്യങ്ങൾ പറഞ്ഞത്. മാർച്ച് 22നാണ് സ്വതന്ത്ര വീർ സവർക്കർ തിയറ്ററിലെത്തുന്നത്.
രൺദീപ് ഹൂഡ തിരക്കഥയെഴുതി സംവിധാനം ചെയ്ത ആദ്യ ചിത്രം കൂടിയാണ് സ്വതന്ത്ര വീർ സവർക്കർ. താരം തന്നെയാണ് സവർക്കറായി വേഷമിടുന്നതും. ‘ഇത് പ്രോപഗണ്ട വിരുദ്ധ ചിത്രമാണ്. പതിറ്റാണ്ടുകളായി സവർക്കർക്കെതിരെ പ്രചരിക്കുന്ന എല്ലാ പ്രോപഗണ്ടകളെയും എതിർക്കുന്നതാകും ചിത്രം. സവർക്കർ മാപ്പുപറയുന്ന ഒരാളല്ല. അദ്ദേഹം മാത്രമല്ല, നിരവധി പേർ ദയാഹരജി നൽകിയിട്ടുണ്ട്. ഇതേക്കുറിച്ച് ചിത്രത്തിൽ വിശദമായി പരാമർശിക്കുന്നുണ്ട്. ജാമ്യാപേക്ഷകളും ഹരജികളുമെല്ലാമുണ്ട്. അതൊക്കെ തടവുപുള്ളികളുടെ അവകാശമാണ്. കോടതിയിൽ പോയവർക്ക് അറിയാം അതിനെ എങ്ങനെയാണ് അഭിസംബോധന ചെയ്യുന്നതെന്ന്.’’ – ഹൂഡ പറയുന്നു.
സെല്ലുലാർ ജയിലിലാണ് സവർക്കറെ അടച്ചിരുന്നതെന്നും അവിടെനിന്നു പുറത്തിറങ്ങി രാജ്യത്തിന് സാംസ്‌കാരികമായും രാഷ്ട്രീയപരമായുമുള്ള സേവനങ്ങൾ അർപ്പിക്കണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചതെന്നും നടൻ പറഞ്ഞു. അതിനാൽ, ജയിലിൽനിന്നു പുറത്തിറങ്ങി രാജ്യത്തിനു വേണ്ടി സംഭാവനകൾ അർപ്പിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി സായുധപോരാട്ടം നടത്തിയ നിരവധി രഹസ്യ കൂട്ടായ്മകളുടെ നേതൃത്വത്തിലുണ്ടായിരുന്നയാളാണ് സവർക്കർ, തന്റെ ചിത്രത്തിലൂടെ ഊഹാപോഹങ്ങളുടെ തടവറയിൽനിന്ന് അദ്ദേഹം മോചിതനാവുമെന്നും ഹൂഡ പറയുന്നു.
നേരത്തെ സ്വാതന്ത്ര്യ സമരത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ഖുദിറാം ബോസ് തുടങ്ങിയ വിപ്ലവകാരികൾക്ക് പ്രചോദനമായത് സവർക്കറാണെന്ന നടൻ രൺദീപ് ഹൂഡയുടെ കുറിപ്പിനെതിരെ സമൂഹ മാധ്യമങ്ങളിൽ പരിഹാസമുയർന്നിരുന്നു. ‘ബ്രിട്ടീഷുകാർ തേടിനടന്ന ഇന്ത്യക്കാരൻ. നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ഖുദിറാം ബോസ് തുടങ്ങിയ വിപ്ലവകാരികളുടെ പ്രചോദനം. ആരായിരുന്നു സവർക്കർ? ചുരുളഴിയുന്ന അദ്ദേഹത്തിന്റെ യഥാർഥ കഥ കാണുക’, എന്നായിരുന്നു ഹൂഡയുടെ കുറിപ്പ്. സവർക്കറുടെ ജന്മദിനത്തിൽ, ഹൂഡ നായകനായെത്തുന്ന ‘സ്വതന്ത്ര്യ വീർ സവർകർ’ എന്ന ചിത്രത്തിന്റെ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ചതിനൊപ്പമായിരുന്നു നടന്റെ കുറിപ്പ്.