കൊച്ചി ∙ ആർഎസ്എസ് – പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൊല്ലപ്പെട്ട കേസുകളിൽ പ്രതികൾക്കെതിരെ ഭീകരവിരുദ്ധ നിയമം (യുഎപിഎ) ചുമത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ആർഎസ്എസ് നേതാക്കളായ രൺജീത് ശ്രീനിവാസൻ, സഞ്ജിത്ത് എന്നിവർ കൊല്ലപ്പെട്ട കേസുകളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെയും, പോപ്പുലർ ഫ്രണ്ട് നേതാക്കളായിരുന്ന ഷാൻ, സുബൈർ എന്നിവർ കൊല്ലപ്പെട്ട കേസുകളിൽ ആർഎസ്എസ് പ്രവർത്തകർക്കെതിരെയും യുഎപിഎ ചുമത്തുന്നതിനാണ് ആലോചന. ഇക്കാര്യത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് സർക്കാർ നിയമോപദേശം തേടി.
ഇക്കാര്യത്തിൽ കത്തു ലഭിച്ചതായി ഡിജിപി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേസ് ഡയറി ഉൾപ്പെടെ പരിശോധിച്ച ശേഷം മറുപടി നൽകാം എന്നാണ് അറിയിച്ചിരിക്കുന്നത്. ഇതര സമുദായങ്ങൾക്കിടയിൽ സ്പർധയും ഭീതിയും വളർത്താൻ ശ്രമിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് ആർഎസ്എസ്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്താനുള്ള നീക്കം. നിയമോപദേശം അനുകൂലമാകുന്നതോടെ പുതിയ വകുപ്പുകൾ ചുമത്തും. ശ്രീനിവാസൻ വധക്കേസിൽ യുഎപിഎ നിലനിൽക്കുമെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സമാനമായ നാലു കേസുകളിലും യുഎപിഎ ചുമത്താനുള്ള സർക്കാർ തീരുമാനം. ഇതോടെ കേസ് എൻഐഎ ഏറ്റെടുക്കും.
നിലവിൽ ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകം എൻഐഎ ഏറ്റെടുക്കാൻ ഒരുങ്ങുന്ന സാഹചര്യമുണ്ട്. അതുകൊണ്ടുതന്നെ ഒരു വിഭാഗത്തെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമാണ് സർക്കാരിന്റെ പുതിയ നീക്കം എന്ന ആരോപണം ഉയർന്നു. പോപ്പുലർഫ്രണ്ട് നേതാക്കളുടെ സ്വത്തുവകകൾ കണ്ടുകെട്ടുമ്പോൾ പ്രതിഷേധം രൂക്ഷമാകാനുള്ള സാഹചര്യവും മുന്നിൽ കാണുന്നുണ്ട്.
അതുകൊണ്ടു തന്നെ ആർഎസ്എസ് പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തുന്നതോടെ പ്രതികൾക്കു ജാമ്യം കിട്ടാനുള്ള സാധ്യത കുറയുകയും കൊലപാതകങ്ങളോടു തുല്യ നിലപാടാണ് സർക്കാരിന്റേത് എന്നു വരുത്തി തീർക്കാനും സാധിക്കും. ആർഎസ്എസ് പ്രവർത്തകർക്കെതിരെ യുഎപിഎ വരുന്നതു മുൻകൂട്ടികണ്ടു കേന്ദ്ര വൃത്തങ്ങൾ നടപടികളുമായി മുന്നോട്ടു പോകുന്നുണ്ട് എന്നാണ് റിപ്പോർട്ട്.