യുക്രൈനിൽ പീഡനവും ലൈംഗികാതിക്രമങ്ങളും റഷ്യ യുദ്ധതന്ത്രങ്ങളായി ഉപയോഗിച്ചുവെന്ന് ആരോപണം. അതിനായി സൈനികർക്ക് വയാഗ്ര നൽകുകയാണ് എന്നും സംഘർഷസ്ഥലങ്ങളിലെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് പഠിക്കുന്ന പ്രത്യേക പ്രതിനിധി പ്രമീള പാറ്റൻ വ്യക്തമാക്കി.
ഈ വർഷം ആദ്യം കൈകൾ ബന്ധിപ്പിക്കപ്പെട്ട നിലയിൽ തെരുവിൽ കിടക്കുന്ന നിരവധി മൃതദേഹങ്ങളുടെ ഭയപ്പെടുത്തുന്ന ചിത്രങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് റഷ്യ യുക്രൈനിൽ നടത്തുന്ന അതിക്രൂരമായ അക്രമങ്ങളുടെ നേർചിത്രങ്ങളായി.
ന്യൂസ് ഏജൻസി ആയ എഎഫ്‍പി -ക്ക് നൽകിയ അഭിമുഖത്തിൽ ലൈംഗിക കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, റഷ്യൻ സൈനികർ മനുഷ്യത്വരഹിതമായി പെരുമാറിയതിന്റെ സൂചനകൾ ഉണ്ടെന്ന് പാറ്റൻ വ്യക്തമാക്കി. റഷ്യൻ സൈനികരെ ആയുധങ്ങൾക്കൊപ്പം വയാഗ്ര പോലെയുള്ള മരുന്നുകളും നൽകിയാണ് അയച്ചിരിക്കുന്നത്. ഇരകൾ തന്നെ അതുമായി ബന്ധപ്പെട്ട സൂചനകൾ നൽകുന്നുണ്ട് എന്നും പാറ്റൻ പറയുന്നു.
സ്ത്രീകളെ ദിവസങ്ങളോളം തടവിൽ വച്ച് ബലാത്സംഗം ചെയ്യുന്നു, ചെറിയ ആൺകുട്ടികളെയും പുരുഷന്മാരെയും പീഡിപ്പിക്കുന്നു, വയാഗ്ര പോലെയുള്ളവ കൊണ്ടുനടക്കുന്നു. അപ്പോഴിത് യുദ്ധതന്ത്രമല്ലാതെ മറ്റെന്താണ് എന്നും പാറ്റൻ പറഞ്ഞു.
അതിക്രമം നടക്കുന്ന സമയത്ത് സൈനികർ സ്ത്രീകളോട് പറയുന്ന വാക്കുകളിൽ നിന്നും അറിയാം എത്ര മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളാണ് അവർ കാണിക്കുന്നത് എന്ന്. അതിനൊപ്പം യുദ്ധം തുടങ്ങിയ അന്ന് മുതൽ റഷ്യൻ സൈനികർ കാണിച്ചിട്ടുള്ള ലൈംഗികാതിക്രമങ്ങളുടെ യുഎൻ തയ്യാറാക്കിയ റിപ്പോർട്ടും പാറ്റന്റെ കയ്യിലുണ്ടായിരുന്നു. അതുപോലെയുള്ള 100 സംഭവങ്ങളെങ്കിലും യുദ്ധം തുടങ്ങിയത് മുതൽ ഇങ്ങോട്ടുണ്ടായിരുന്നു എന്നും പാറ്റൻ പറയുന്നു.
ഫെബ്രുവരി മുതലിങ്ങോട്ട് ബലാത്സംഗങ്ങളുടെയും ലൈംഗികാതിക്രമങ്ങളുടെയും ഒരു നൂറ് കേസെങ്കിലും യുക്രൈനിൽ രേഖപ്പെടുത്തിയിട്ടുണ്ട് പാറ്റൻ പറഞ്ഞു. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളാണ് റഷ്യ ചെയ്തത് എന്നതാണ് ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത്. പീഡിപ്പിക്കപ്പെട്ടവരിൽ നാല് വയസുള്ള കുട്ടികൾ മുതൽ 82 വയസ് വരെയുള്ളവർ പെടുന്നു എന്നും പാറ്റൻ പറഞ്ഞു.