മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ്-ലിവർപൂൾ ഫൈനൽ. സെമി ഫൈനലിൽ അവിശ്വസനീയ തിരിച്ചുവരവിനൊടുവില്‍ മാഞ്ചസ്റ്റർ സിറ്റിയെ തോൽപിച്ചാണ് റയൽ കിരീടപ്പോരാട്ടത്തിലേക്ക് മുന്നേറിയത്. ആദ്യപാദ സെമിയിലെ 4-3ന്‍റെ മുന്‍തൂക്കവുമായിറങ്ങിയ സിറ്റിയെയാണ് റയല്‍ തരിപ്പിണമാക്കിയത്.
ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ അവിശ്വസനീയ തിരിച്ചുവരവ്. ബെർണാബ്യൂവിലെ മാന്ത്രിക രാത്രിയിൽ സിറ്റിയെ മലർത്തിയടിച്ച് റയൽ മാഡ്രിഡ് സൂപ്പര്‍ പോരാട്ടത്തില്‍ അനിവാര്യ ജയം സ്വന്തമാക്കുകയായിരുന്നു. തൊണ്ണൂറാം മിനുട്ട് വരെ പുറകിലായിരുന്ന റയൽ ഹൃദയം 80 തവണ മിടിക്കുന്ന മാത്രേ രണ്ട് ഗോളുകൾ നെയ്‌ത് കളി തിരിച്ചുപിടിക്കുന്ന കണ്‍കെട്ട് വിദ്യക്കാണ് ആരാധകര്‍ സാക്ഷികളായത്.
ആദ്യ പകുതിയിൽ നന്നായി കളിച്ചെങ്കിലും റയലിന്‍റെയും സിറ്റിയുടെയും ഗോൾ വല കുലുങ്ങിയില്ല. അവസരങ്ങൾ പലകുറി പാഴാക്കി. രണ്ടാംപകുതിയിൽ തുടങ്ങി വച്ചത് സിറ്റിയാണ്. 72-ാം മിനുട്ടിൽ മഹ്റസിലൂടെ സിറ്റി മുന്നിലെത്തി. എന്നാല്‍ സബായി മൈതാനത്തെത്തിയ റോഡ്രിഗോ കളി മാറ്റി. 90-ാം മിനുട്ടിൽ കരീം ബെൻസെമയുടെ അസിസ്റ്റിൽ റയലിനായി റോഡ്രിഗോയുടെ ആദ്യ ഗോൾ പിറന്നു. രണ്ടാംപാദ സ്കോർ 1-1. അഗ്രിഗേറ്റ് സ്കോർ 4-5. നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ കാർവഹാലിന്‍റെ ക്രോസിൽ റോഡ്രിഗോയുടെ ഹെഡറും വലയിലെത്തി. ഇതോടെ കളി അധിക സമയത്തിലേക്ക് നീണ്ടു.
പെട്ടെന്ന് കിട്ടിയ പെനാൾട്ടി ബെൻസെമ ലക്ഷ്യത്തിൽ എത്തിച്ചതോടെ ബെർണാബ്യൂവിലെ ആരാധകര്‍ ആനന്ദനൃത്തമാടി. സ്കോർ 3-1, അഗ്രിഗേറ്റ് സ്കോർ 6-5. സീസണിലെ 43-ാം ഗോളാണ് ബെന്‍സേമ പേരിലാക്കിയത്. ബെൻസെമയെ പിൻവലിക്കേണ്ടിവന്നെങ്കിലും ഫൈനലിലേക്ക് റയൽ ചുവടുവച്ചു. മറ്റൊരു പകരക്കാരന്‍ കാമവിംഗയുടെ മിന്നാലാട്ടവും റയല്‍ ജയത്തില്‍ നിര്‍ണായകമായി. അഞ്ച് തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുന്ന ആദ്യ പരിശീലകൻ എന്ന നേട്ടം കാർലോ ആഞ്ചലോട്ടിക്ക് ഇതോടെ സ്വന്തമായി. ഫൈനലിൽ ലിവർപൂളാണ് റയലിന്‍റെ എതിരാളികൾ.