ന്യൂഡൽഹി / തിരുവനന്തപുരം : ചുട്ടുപൊള്ളുന്ന ഡൽഹിയിലെ പല ഭാഗങ്ങളിലും താപനില ഇന്നലെ 46 ഡിഗ്രിയായി ഉയർന്നു. ചൂട് കൂടിയതോടെ ഡൽഹിയിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ചൂടുകാറ്റ് വീശുന്നതിനാൽ മാലിന്യസംഭരണ കേന്ദ്രങ്ങളിൽ ഇടയ്ക്കിടെ തീപടരുന്നത് വായു മലിനീകരണത്തിനും കാരണമാവുന്നുണ്ട്. 2 ദിവസം കൂടി കൊടുംചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിൽ മോഹൻ ചന്ദമാർ വർമ (68) സൂര്യാഘാതമേറ്റു മരിച്ചു.
കേരളത്തിൽ 8 ജില്ലകളിൽ പകൽ താപനില 35 ഡിഗ്രിക്കു മുകളിലെത്തി. ഉയർന്ന താപനില പാലക്കാടാണ് രേഖപ്പെടുത്തിയത്: 37.6 ഡിഗ്രി. കണ്ണൂർ, കോഴിക്കോട് ജില്ലകളിലും പകൽച്ചൂട് 37 ഡിഗ്രിയിലേക്ക് ഉയർന്നു. ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം, തൃശൂർ ജില്ലകളിലും ചൂട് 35 ഡിഗ്രിക്കു മുകളിലാണ്.