ദില്ലി: ഇസ്രയേലിലേക്ക് നിർമാണ മേഖലയിലേക്ക് ഇന്ത്യയിൽ നിന്ന് ജോലിക്കാരെ തേടിയുള്ള റിക്രൂട്ടിങ് തുടരുന്നു. ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നായി 5617 പേർക്ക് സെലക്ഷൻ ലഭിച്ചു. ഹരിയാനയിൽ ജനുവരി 16 മുതൽ 20വരെയായിരുന്നു റിക്രൂട്ടിങ് ടെസ്റ്റ്. മൊത്തം 1370 പേർ പങ്കെടുത്തപ്പോൾ 530 പേർക്ക് സെലക്ഷൻ ലഭിച്ചു. യുപിയിൽ സെലക്ഷൻ നടപടികൾ ചൊവ്വാഴ്ച വരെ നീണ്ടു. 7182 പേർ ട്രയൽസിന് എത്തിയപ്പോൾ 5087 പേരെ തെരഞ്ഞെടുത്തു. 15 അംഗ ഇസ്രയേലി സംഘമാണ് ട്രയൽസിന് നേതൃത്വം നൽകിയത്.
തെരഞ്ഞെടുക്കപ്പെട്ടവർ അഞ്ച് വർഷം ഇസ്രയേലിൽ ജോലി ചെയ്യും. ഇതിലൂടെ ഇന്ത്യക്ക് 5000 കോടിയുടെ നേട്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ആകർഷകമായ ശമ്പള വ്യവസ്ഥകളാണ് പലരെയും ആകർഷിക്കുന്നത്. 1.37 ലക്ഷം വരെ ശമ്പളം, മെഡിക്കൽ ഇൻഷുറൻസ്, താമസം, ഭക്ഷണം എന്നിവയാണ് വാഗ്ദാനം. പുറമെ, 16515 രൂപ പ്രതിമാസം ബോണസായും ലഭിക്കും.
ഇന്ത്യയെ വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയുടെ ആഗോള കേന്ദ്രമാക്കി മാറ്റാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്മേലുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര നൈപുണ്യ വികസനമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു: വിക്ഷിത് ഭാരത് നിർമ്മിക്കുന്നതിനുള്ള സമഗ്ര സമീപനത്തിൻ്റെ ഭാഗമാണിത്. ഇസ്രായേൽ മാത്രമല്ല, മറ്റ് പല രാജ്യങ്ങൾക്കും നൈപുണ്യമുള്ള വിഭവങ്ങൾ നൽകാൻ രാജ്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമപരവും ധാർമ്മികവുമായ കുടിയേറ്റം സുഗമമാക്കുന്നതിനാൽ സഹകരണത്തിൻ്റെ തെളിവാണ് ഇസ്രയേലിന്റെ റിക്രൂട്ടിങ്ങെന്നും പദ്ധതിയുടെ ക്രെഡിറ്റ് വിദേശകാര്യ മന്ത്രാലയം, നൈപുണ്യ വികസനം, സംസ്ഥാനങ്ങൾ എന്നിവക്കാണെന്നും 13 രാജ്യങ്ങളുമായി കരാറിലേർപ്പെട്ടിട്ടുണ്ടെന്നും എൻഎസ്ഡിസി സിഇഒയും എൻഎസ്ഡിസിഐ മാനേജിംഗ് ഡയറക്ടറുമായ വേദ് മണി തിവാരി പറഞ്ഞു.
ഇസ്രയേൽ-പലസ്തീൻ സംഘർഷമുണ്ടായതിന് ശേഷം ഇസ്രയേലിലെ പലസ്തീൻ തൊഴിലാളികളെ ഒഴിവാക്കിയതിനെ തുടർന്നാണ് രൂക്ഷമായ തൊഴിലാളി ക്ഷാമം രാജ്യം നേരിട്ടത്. തുടർന്നാണ് ഇന്ത്യയിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ തീരുമാനിച്ചത്.