ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ മേഖലകളിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ ചുകപ്പടയാളങ്ങളെക്കുറിച്ച് ഉന്നത സംഘം നടത്തിയ പരിശോധനയിലും ഉറവിടം കണ്ടെത്താനായില്ല. റവന്യൂ, വനം വകുപ്പ് ഉന്നത സംഘം ശനിയാഴ്‌ചയാണ് സ്ഥലം സന്ദർശിച്ചത്.വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിയ വ്യാപക പരിശോധനയിലും ചുകപ്പടയാളങ്ങളെക്കുറിച്ച് വിവരം ലഭിച്ചില്ല.
വനം, റവന്യൂ വകുപ്പുകൾക്ക് പുറമേ പൊലീസും അന്വേഷിക്കുന്നുണ്ട്. പ്രദേശത്തെ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളുടെ പ്രാഥമിക പരിശോധനയിൽ അടയാളമിടാനെത്തിയ ആളുകൾ വന്ന വാഹനത്തെക്കുറിച്ച് സൂചന കിട്ടിയെന്ന് അധികൃതർ പറഞ്ഞു. വാഹന നമ്പർ വ്യക്തമല്ല. ശാസ്ത്രീയ പരിശോധന നടത്തി വാഹനമേതെന്ന് കണ്ടെത്താനാണ് ശ്രമം.
വനം ഉത്തരമേഖലാ സിസിഎഫ് കെ എസ് ദീപ, ഡിഎഫ്ഒ പി കാർത്തിക്, എഡിഎം കെ കെ ദിവാകരൻ, തഹസിൽദാർ സി വി പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ആശങ്ക വേണ്ടെന്നും അടയാളമിട്ടവരെ കണ്ടെത്താൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും എഡിഎം കെ കെ ദിവാകരൻ പറഞ്ഞു. അടയാളമിട്ടവർ ആരെന്ന് സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ സംഭവം അവഗണിക്കാവുന്നതാണെന്ന് വനം ഉത്തരമേഖലാ സിസിഎഫ് കെ എസ് ദീപയും പറഞ്ഞു.