ന്യൂഡല്‍ഹി : കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്സിന് രജിസ്ട്രേഷന് ജനുവരി ഒന്ന് മുതല്‍ ആരംഭിക്കും. ആധാര്‍ കാര്‍ഡോ, സ്കൂള്‍ ഐഡി കാര്‍ഡോ ഉപയോഗിച്ച് കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ജനുവരി മൂന്ന് മുതലാണ് കൗമാരക്കാര്‍ക്കുള്ള വാക്സിനേഷന് ആരംഭിക്കുന്നത്. 15 വയസ് മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്കാണ് cowin ആപ്പിലൂടെയോ പോര്‍ട്ടലിലൂടെയോ ജനുവരി 1 മുതല്‍ വാക്സിന് രജിസ്ട്രേഷന് ആരംഭിക്കുന്നത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്സിനേഷനെ കുറിച്ച് അറിയിച്ചത്.
കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിന് ഡിസിജിഐ അനുമതി നല്‍കിയിരുന്നു. ഭാരത് ബയോട്ടെക്കിന്റെ കോവാക്സിനാണ് അനുമതി ലഭിച്ചത്. ഇതോടെ ഇന്ത്യയില്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി ലഭിച്ച രണ്ടാമത്തെ വക്സിനായി കോവാക്സിന്. 28 ദിവസത്തെ ഇടവേളയിലാണ് കുട്ടികളില്‍ കൊവിഡ് വാക്സിന് നല്‍കുന്നത്. മുതിര്‍ന്നവരിലും ഇതേ ഇടവേളയിലാണ് കൊവിഡ് വാക്സിന് നല്‍കുന്നത്. നേരത്തെ സൈഡസ് കാഡിലയുടെ വാക്സിന് 12 വയസിന് മുകളിലുള്ള കുത്തികളില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചിരുന്നു.
ബൂസ്റ്റര്‍ ഡോസിനും അനുമതി നല്കിയ കാര്യവും പ്രധാനമന്ത്രി അറിയിച്ചു. കൊവിഡ് മുന്‍നിര പോരാളികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് ജനുവരി 10 മുതല്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 60 വയസ് കഴിഞ്ഞവര്‍ക്കും അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ലഭിക്കും.