പാകിസ്താൻ : പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ മുൻ ഭാര്യ റെഹം ഖാൻ രംഗത്ത്. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയാകും മുൻപ് പാകിസ്താൻ നല്ലതായിരുന്നുവെന്നാണ് റെഹം ഖാൻ ട്വീറ്റ് ചെയ്തത്. 2018 ലാണ് ഇമ്രാൻ ഖാൻ പാകിസ്താൻ പ്രധാനമന്ത്രിയായി അധികാരത്തിലേറിയത്. ‘നയാ പാകിസ്താൻ’ (പുതിയ പാകിസ്താൻ) നിർമിക്കാമെന്ന വാഗ്ദാനത്തോടെയാണ് ഇമ്രാൻ പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. എന്നാൽ രാജ്യത്തെ അടിസ്ഥാന പ്രശ്‌നങ്ങൾ പോലും മനസിലാക്കാൻ ഇമ്രാൻ ഖാന് സാധിച്ചില്ല. വിലക്കയറ്റം തടയാനും സാധിച്ചില്ല. ഇമ്രാൻ സർക്കാരിന് കാര്യപ്രാപ്തിയില്ലെന്ന് പ്രതിപക്ഷവും തുറന്നടിച്ചു.
‘ഇമ്രാൻ എന്നത് ചരിത്രമാണ്. ഇനി നയാ പാകിസ്താൻ ഉണ്ടാക്കിയ മാലിന്യങ്ങൾ നീക്കം ചെയ്യാൻ നാം ഒരുമിച്ച് നിൽക്കണം’ : റെഹം ഖാൻ പറഞ്ഞു. ഇമ്രാൻ ഖാന് രാജി സമ്മർദമുണ്ടെങ്കിലും അധികാരം ഒഴിയില്ലെന്ന പിടിവാശിയിലാണ് പ്രധാനമന്ത്രി. ‘എന്നോട് രാജി വയ്ക്കാനാണ് പറയുന്നത്. എന്നാൽ ഞാൻ രാജിവയ്ക്കുമോ ? 20 വർഷം ക്രിക്കറ്റ് കളിച്ചിരുന്ന വ്യക്തിയാണ് ഞാൻ. ഞാൻ അവസാന ബോൾ വരെ കളിക്കും. അവിശ്വാസ പ്രമേയത്തിന് ശേഷവും ഞാൻ ശക്തനായി വരുന്നത് കണ്ടോളൂ’- ഇമ്രാൻ ഖാൻ പറഞ്ഞു.