ദില്ലി: റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സിന്റെ (ആർആർവിഎൽ) എഫ്എംസിജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് അടുത്തതായി കണ്ണ് വെക്കുന്നത് ചോക്ലേറ്റ് വ്യവസായത്തിലേക്ക്. ലോട്ടസ് ചോക്ലേറ്റ് കമ്പനിയുടെ ഭൂരിപക്ഷ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നത് ആർസിപിഎൽ വിജയകരമായി പൂർത്തിയാക്കിയതായി കമ്പനി അറിയിച്ചു. ലോട്ടസ് ചോക്ലേറ്റിന്റെ 51% ഓഹരികൾ മൊത്തത്തിൽ 74 കോടി രൂപയ്ക്ക് ആർസിപിഎൽ വാങ്ങുന്നു
ലോട്ടസ് ചോക്ലേറ്റ് കമ്പനിയുടെ 51 ശതമാനം ഓഹരിയും മറ്റൊരു 26 ശതമാനം ഓഹരിയും ഓപ്പൺ ഓഫറിലൂടെ 74 കോടി രൂപ നൽകുമെന്ന് ഡിസംബറിന്റെ അവസാനം ആർസിപിഎൽ പ്രഖ്യാപിച്ചിരുന്നു. ഓപ്പൺ ഓഫറിലൂടെ ലോട്ടസ് ചോക്ലേറ്റിന്റെ 26 ശതമാനം അധിക ഓഹരി സ്വന്തമാക്കാനാണ് റിലയൻസ് കൺസ്യൂമർ പ്രൊഡക്‌ട്‌സും റിലയൻസ് റീട്ടെയിൽ വെൻചേഴ്‌സും ലക്ഷ്യമിടുന്നത്. ചോക്ലേറ്റുകൾ, കൊക്കോ ഉൽപ്പന്നങ്ങൾ, കൊക്കോ ഡെറിവേറ്റീവുകൾ എന്നിവ നിർമ്മിക്കുന്ന ലോട്ടസ് ചോക്ലേറ്റിന്റെ ഓഹരികൾ കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും നിരക്കിലാണുള്ളത്. റിലയൻസിന്റെ ഏറ്റെടുക്കൽ വാർത്ത പുറത്തു വന്നതോടുകൂടി ലോട്ടസ് ചോക്ലേറ്റിന്റെ ഓഹരി വില കുത്തനെ ഉയരുകയാണ്.
74 കോടി രൂപയ്ക്ക് കമ്പനിയുടെ 51 ശതമാനം ഓഹരികള്‍ നിലവിലെ പ്രൊമോട്ടർ, പ്രൊമോട്ടർ ഗ്രൂപ്പിൽ നിന്ന് ഏറ്റെടുക്കുമെന്ന് റിലയൻസ് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. 26 ശതമാനം അധിക ഓഹരികൾ ഓപ്പണ്‍ ഓഫറിൽ കൂടി സ്വന്തമാക്കുമ്പോൾ ലോട്ടസ് ചോക്കളേറ്റിലെ റിലയന്‍സ് വിഹിതം 77 ശതമാനമായി ഉയരും.
കഴിഞ്ഞ വർഷമാണ് ഗുജറാത്ത് ആസ്ഥാനമായ സോസ്യോ ഹജൂരി ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഇക്വിറ്റി ഓഹരി ഏറ്റെടുക്കാൻ പോകുന്നതായി റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് അറിയിച്ചത്. കാമ്പ കോള ഏറ്റെടുക്കുന്നതിന് പിറകെയാണ് മറ്റൊരു ബിവറേജ് കമണിയുടെ ഓഹരി റിലയൻസ് സ്വന്തമാക്കുന്നത്.