ചെന്നൈ: നടി തൃഷയ്ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് എഐഎഡിഎംകെ നേതാവ് എ.വി.രാജു. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും സിനിമാ പ്രവര്‍ത്തകരെ അപമാനിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും രാജു പറഞ്ഞു.
തൃഷയ്‌ക്കെതിരെ എ.വി. രാജു നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. 2017ല്‍ എഐഎഡിഎംകെയിലെ അധികാര വടംവലിക്കിടെ എംഎല്‍എമാരെ കൂവത്തൂര്‍ റിസോര്‍ട്ടില്‍ താമസിപ്പിച്ചപ്പോള്‍ ഉണ്ടായ സംഭവം എന്ന അവകാശവാദത്തോടെയാണ് എ.വി.രാജു അധിക്ഷേപ പരാമര്‍ശം നടത്തിയത്. സേലം വെസ്റ്റ് എംഎല്‍എ ജി വെങ്കടാചലം ആവശ്യപ്പെട്ടതനുസരിച്ച് നടിയെ റിസോര്‍ട്ടില്‍ എത്തിച്ചെന്നായിരുന്നു പരാമര്‍ശം.
പരാമര്‍ശം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ പ്രതികരണവുമായി തൃഷ രംഗത്തെത്തി. ശ്രദ്ധ പിടിച്ചു പറ്റാന്‍ ഏത് നിലവാരത്തിലേക്കും ആളുകള്‍ തരംതാഴുന്ന കാഴ്ച വെറുപ്പുളവാക്കുന്നതാണ്. തുടര്‍നടപടികള്‍ തന്റെ അഭിഭാഷക വിഭാഗം സ്വീകരിക്കുമെന്നും തൃഷ പ്രതികരിച്ചു. രാജുവിനെതിരെ കേസെടുക്കണമെന്ന് സംവിധായകന്‍ ചേരനും ആവശ്യപ്പെട്ടിരുന്നു. വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് രാജു ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.