തിരുവനന്തപുരം: മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും മയക്കുമരുന്നുമായി പിടിയിൽ. മണ്ണാംമൂല സ്വദേശി കാർത്തികിനെയാണ് (27) എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.എൽ. ഷിബുവിന്റെ നേതൃത്വത്തിൽ പേരൂർക്കട മണ്ണാമൂല ഭാഗത്തുനിന്ന് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. ഇയാളുടെ കൈയിൽനിന്ന് വിൽപനക്കായി കൊണ്ടുവന്ന 2.58 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു.
പ്രദേശത്തെ മയക്കുമരുന്ന് റാക്കറ്റിലെ പ്രമുഖനാണ് കാർത്തിക്കെന്നും ചെറുപ്പക്കാരും വിദ്യാർഥികളും ഇയാളുടെ ഇരകളാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രിവന്റീവ് ഓഫിസർ അനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ സുരേഷ് ബാബു, ബിജു, രതീഷ് മോഹൻ, വിനേഷ് കൃഷ്ണ, അക്ഷയ് സുരേഷ്, വനിത സിവിൽ എക്സൈസ് ഓഫിസർ ഗീതകുമാരി, ഡ്രൈവർ അനിൽകുമാർ എന്നിവര്‍ അറസ്റ്റിനും പരിശോധനയിലും പങ്കെടുത്തു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കൊച്ചിയിൽ ലഹരി മരുന്നുമായി നഴ്സിംഗ് വിദ്യാർഥികൾ പിടിയിലായത്. കോട്ടയം സ്വദേശികളായ ആൽബിൻ, അലക്സ് എന്നിവരാണ് പിടിയിൽ ആയത്. ബംഗളുരുവിൽ ആണ് ഇവർ പഠിക്കുന്നത്. ഇവരിൽ നിന്ന് നാലു ഗ്രാം എംഡിഎംഎയും കഞ്ചാവുമാണ് പിടികൂടിയത്.
തിരുവനന്തപുരത്ത് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി അഞ്ചുപേരെ പൊലീസ് പിടികൂടിയത് മാര്‍ച്ച് അവസാന വാരമാണ്. വലിയതുറ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊച്ചുതോപ്പ് ഭാഗത്തുനിന്നാണ് അഞ്ച് യുവാക്കളെ പൊലീസ് പിടികൂടിയത്. പൂന്തുറ പള്ളിത്തെരുവ് ടി.സി 46/279ൽ മുഹമ്മദ് അസ്ലം, വെട്ടുകാട് ബാലനഗർ ടി.സി 90/1297ൽ ജോൺ ബാപ്പിസ്റ്റ്, വെട്ടുകാട് വാർഡിൽ ടൈറ്റാനിയം ടി.സി 80/611ൽ ശ്യാം ജെറോം, കരിക്കകം എറുമല അപ്പൂപ്പൻ കോവിലിന് സമീപം വിഷ്ണു എന്നിവരെയാണ് വലിയതുറ പൊലീസ് പിടികൂടിയത്. പ്രതികളിൽനിന്ന് 1.23 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്.
ഈ കേസിലെ ഒന്നാം പ്രതി കൊലപാതക ശ്രമം, മയക്കുമരുന്ന് കച്ചവടം, സ്ത്രീകളെ ഉപദ്രവിക്കൽ ഉൾപ്പെടെ മറ്റ് 11 കേസുകളിൽ കൂടി പ്രതിയാണ്. രണ്ടാം പ്രതി മയക്കുമരുന്ന്, അടിപിടി തുടങ്ങി മൂന്ന് കേസുകളിലും മൂന്നാം പ്രതി മയക്കുമരുന്ന്, കൊലപാതകശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങി ഒമ്പതു കേസുകളിലും നാലാം പ്രതി ഭവനഭേദനം, മയക്കുമരുന്ന് ഉൾപ്പെടെ മൂന്ന് കേസുകളിലും അഞ്ചാം പ്രതി 20 കിലോ കഞ്ചാവ് അനധികൃതമായി കൈവശം സൂക്ഷിച്ച കേസിലും പ്രതികളാണ്.