ഗസ്സ: ഹമാസ് പോരാളികൾ ബന്ദികളെ ഒളിപ്പിച്ചുവെന്ന് കരുതുന്ന ഗസ്സയിലെ ടണലുകളിൽ അപ്രതീക്ഷിത ആക്രമണത്തിനും വിഷവാതകപ്രയോഗത്തിനും ഇസ്രായേൽ തയാറെടുക്കുന്നതായി റിപ്പോർട്ട്. അമേരിക്കൻ ഡെൽറ്റ ഫോഴ്സ് കമാൻഡോകളുടെ മേൽനോട്ടത്തിലാണ് ഇസ്രായേൽ നീക്കമെന്ന് ‘മിഡിലീസ്റ്റ് ഐ’ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.ഗസ്സയിൽ ഇരച്ചുകയറി ആക്രമണം നടത്തിയശേഷം ബന്ദികളെ രക്ഷപ്പെടുത്തി ഹമാസ് പോരാളികളെ വധിക്കാനാണ് പദ്ധതിയെന്ന് അമേരിക്കൻ വൃത്തങ്ങളിൽനിന്ന് സൂചന ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അന്താരാഷ്ട്രതലത്തിൽ നിരോധിക്കപ്പെട്ട മാരക വിഷവാതകവും രാസായുധങ്ങളും ഇതിനായി ഉപയോഗിക്കും.
ടണലുകളിലേക്ക് വാതകം കടത്തിവിടുന്നതോടെ അൽ ഖസ്സാം ബ്രിഗേഡ് അംഗങ്ങളുടെ നാഡീവ്യൂഹത്തെ ബാധിച്ച് ആറുമുതൽ 12 മണിക്കൂർ വരെ ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെടും. ഈ സമയം അകത്തുകടന്ന് ബന്ദികളെ മോചിപ്പിക്കാനും പോരാളികളെ കൊലപ്പെടുത്താനുമാണത്രെ നീക്കം. എന്നാൽ, ഈ വാർത്തയോട് അമേരിക്ക പ്രതികരിച്ചിട്ടില്ല.
അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇസ്രായേൽ പ്രതിരോധമന്ത്രിയുമായി നിരന്തരം ഫോണിലൂടെ കാര്യങ്ങൾ ചർച്ചചെയ്യുന്നുണ്ട്. ബന്ദികളെ മോചിപ്പിക്കുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ചവരാണ് അമേരിക്കയുടെ ഡെൽറ്റ ഫോഴ്സ് കമാൻഡോകൾ. യു.എസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം മൂന്നു കമാൻഡോകൾ ഇസ്രായേൽ സൈനികർക്ക് പരിശീലനം നൽകാനെത്തിയിരുന്നു. യുദ്ധ തന്ത്രങ്ങൾ ആവിഷ്കരിക്കുന്ന യോഗത്തിൽ ബൈഡനൊപ്പം ഇവർ പങ്കെടുക്കുകയും ചെയ്തു. ഇവരുടെ മുഖം വ്യക്തമാകുന്ന ചിത്രം ബൈഡൻ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടെങ്കിലും പിന്നീട് നീക്കി.