ന്യൂഡല്‍ഹി : അറുപതു പിന്നിട്ട എല്ലാവര്‍ക്കും കരുതല്‍ വാക്‌സിന്‍ നല്‍കുന്നത് പരിഗണനയിലെന്ന് ദേശീയ സാങ്കേതിക ഉപദേശകസമിതി (എന്‍.ടി.എ.ജി.ഐ.).
ഈ വിഭാഗത്തില്‍പ്പെട്ട അനുബന്ധരോഗമുള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്. ഇത് വിപുലമാക്കാനാണ് സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 60 പിന്നിട്ട 13.70 കോടി പേരാണ് ഇന്ത്യയിലുള്ളത്. കോര്‍ബെവാക്‌സും കോവോവാക്‌സും തത്കാലം വാക്‌സിന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തില്ലെന്ന് സൂചന. 90 ശതമാനം പേരും ഒരു ഡോസെങ്കിലും എടുത്തവരാണ്. രണ്ടാം ഡോസായും കരുതല്‍ വാക്‌സിനായും ആദ്യം സ്വീകരിച്ച വാക്‌സിന്‍തന്നെ നല്‍കിയാല്‍മതിയെന്നാണ് കേന്ദ്രതീരുമാനം. വാക്‌സിന്‍ ഇടകലര്‍ത്തി ഉപയോഗിക്കുന്നതിനെക്കുറിച്ചും തത്കാലം ആലോചിക്കുന്നില്ല. അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയെങ്കിലും ഈ രണ്ടുവാക്‌സിനും ജനങ്ങളില്‍ എത്താന്‍ ഇനിയും കാത്തിരിക്കണം.
ഉപയോഗാനുമതി നല്‍കുംമുമ്പുതന്നെ കോര്‍ബെവാക്‌സിന്‍ നിര്‍മാതാക്കളായ ബയോളജിക്കല്‍ ഇ-യുമായി കേന്ദ്രം 1500 കോടിയുടെ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന്‍പ്രകാരം 7.5 കോടി ഡോസ് വാക്‌സിന്‍ ഫെബ്രുവരിയോടെ കേന്ദ്രത്തിന് കൈമാറുമെന്നും കമ്പനി വ്യക്തമാക്കിയതാണ്. അതിനാല്‍ വരുംദിവസങ്ങളില്‍ നിലപാടുകളില്‍ മാറ്റംവന്നേക്കാം.