മുംബൈ: അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കര്‍ക്ക് മുംബൈയിലെത്തി ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈ ശിവാജി പാർക്കിലെത്തിയാണ് പ്രധാനമന്ത്രി അന്തിമോപചാരമർപ്പിച്ചത്. തെരഞ്ഞെടുപ്പ് പരിപാടികൾ മാറ്റിവച്ചാണ് പ്രധാനമന്ത്രി ഇതിഹാസ ഗായികയെ ഒരുനോക്ക് കാണാനെത്തിയത്. സംഗീതത്തിനപ്പുറം ഉയർന്ന പ്രതിഭയാണ് ലതാ മങ്കേഷ്കറെന്നും നികത്താനാവാത്ത വിടവാണെന്നുമാണ് ട്വിറ്ററിലൂടെ പ്രധാനമന്ത്രി അനുസ്മരിച്ചത്.
മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് ലതാ മങ്കേഷ്‌കർ വിടപറഞ്ഞത്. ആറ് ദിവസം മുൻപ് കൊവിഡ് രോഗമുക്തയായി ജീവിതത്തിലേക്ക് തിരിച്ച് വരുമെന്ന് സൂചന നൽകിയ ശേഷമായിരുന്നു വിടവാങ്ങൽ. ആരോഗ്യ നില മോശമായതിനെ തുടർന്ന് ഇന്നലെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. അവയവങ്ങൾ ഒന്നിച്ച് പ്രവർത്തനരഹിതമായതോടെ ഡോക്ടർമാരുടെ പരിശ്രമങ്ങൾ വിഫലമായി. ഒരു മണിയോടെ മൃതദേഹം പെഡ്ഡാർ റോഡിലെ പ്രഭുകുഞ്ചിലെത്തിച്ചു. അമിതാഭ് ബച്ചൻ, ശ്രദ്ധാ കപൂർ, അനുപം ഖേർ, സഞ്ജയ് ലീല ബൻസാൽ തുടങ്ങീ പ്രമുഖർ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു. സച്ചിൻ ടെൻഡുൽക്കർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി തുടങ്ങിയവർ വിയോഗ വിവരം അറിഞ്ഞ് ആശുപത്രിയിൽ എത്തിയിരുന്നു.