തൃശൂർ: തൃശ്ശൂർ റൂറൽ പൊലീസിൽ മെഡിക്കൽ അവധി എടുക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി ഉത്തരവ്. അവധിയുടെ കാരണം സത്യമാണോ എന്നറിയാൻ എസ്എച്ച്ഒമാർ അന്വേഷണം നടത്തണമെന്നും എസ്എച്ച്ഒമാരുടെ ശുപാർശ ഇല്ലാതെ മെഡിക്കൽ അവധി നൽകരുതെന്നും ഉത്തരവിൽ പറയുന്നു. തൃശ്ശൂർ റൂറൽ എസ്പി നവനീത് ശർമയുടേതാണ് ഉത്തരവ്. അവധിയെടുക്കുന്നത് വർദ്ധിച്ചുവെന്ന് ഉത്തരവിൽ പറയുന്നു.
ഒരു സ്റ്റേഷനിൽ നിന്ന് തന്നെ കൂടുതൽ പേർ അവധിക്ക് അപേക്ഷിക്കുന്നു. അതേ സ്റ്റേഷനിൽ തന്നെ മെഡിക്കൽ അവധിയിലും പ്രവേശിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ അവധി പരമാവധി കുറയ്ക്കണം. 10 ദിവസത്തിൽ കൂടുതൽ അവധി വേണ്ടവർ വ്യക്തമായ കാരണം ബോധിപ്പിക്കണം. ലീവിന് അപേക്ഷിച്ചാലുടൻ എസ്എച്ച്ഒമാർ അന്വേഷണം നടത്തണമെന്നും ഉത്തരവിലുണ്ട്. വിഷയം ജെനുവിനല്ലാത്ത സാഹചര്യത്തിൽ അവധി അനുവദിക്കില്ല. വിഷയം ജെനുവിനല്ലെങ്കിൽ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കണമെന്നും ഉത്തരവിൽ പറയുന്നു.