ഗുരുവായൂർ : പ്രമുഖ വ്യവസായി രവി പിള്ളയുടെ നൂറ് കോടി രൂപ വരുന്ന ഹെലികോപ്ടറിന് ഗുരുവായൂരിൽ വാഹനപൂജ. ഔദ്യോഗിക യാത്രയ്ക്ക് മുൻപാണ് ഹെലികോപ്ടർ എത്തിച്ചത്. ഗുരുവായൂരിൽ സാധാരണ നിലയിൽ കാറ്, ബൈക്ക്, ബസ് എന്നിവയാണ് വാഹന പൂജയ്ക്കായി എത്തിക്കാറുള്ളത്. എന്നാൽ ചരിത്രത്തിലാദ്യമായി ഹെലികോപ്ടറും ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി പറന്നിറങ്ങി.
രവി പിള്ളയുടെ ഒ145 എയർ ബസ് ഹെലികോപ്ടറാണ് പൂജയ്ക്കായി എത്തിയത്. രവിപിള്ളയും കുടുംബവും ഒപ്പമുണ്ടായിരുന്നു. ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി പഴയം സുമേഷ് നമ്പൂതിരി ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ വച്ച് പൂജ നടത്തി. നൂറുകോടിയോളം മുടക്കി ഇന്ത്യയിൽ ആദ്യമായാണ് എച്ച് 145 ഡി 3 ഹെലികോപ്റ്റർ രവി പിള്ള വാങ്ങിയത്. ഇന്ന് രാവിലെ ക്ഷേത്ര ദർശനത്തിന് ശേഷമാണ് രവി പിള്ളയും കുടുംബവും ഹെലികോപ്റ്ററിൽ മടങ്ങിയത്.